നാഗ്പുര്‍: ബെംഗളൂരുവിലെ തോല്‍വിക്ക് നാഗ്പുരില്‍ കണക്കുതീര്‍ത്തു ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ശുഭാന്ത്യം കുറിച്ചിരിക്കുകയാണ് വിരാട് കോലിയും സംഘവും. അഞ്ചാം ഏകദിനത്തില്‍ 43 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ 4-1  എന്ന നിലയിൽ പരമ്പര സ്വന്തമായിരിക്കുകയാണ് ഇന്ത്യയ്ക്ക്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് നേടിയത്. ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം കളഞ്ഞ് 42.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. 109 പന്തില്‍ നിന്ന് 125 റണ്‍സാണ് രോഹിത് നേടിയത്. കരിയറിലെ പതിനാലാം ഏകദിന സെഞ്ചുറി.

രോഹിതിന് ഓപ്പണിങ് കൂട്ടുകാരന്‍ അജിങ്ക്യ രഹാനെ മികച്ച പിന്തുണയാണ് നല്‍കിയത്. 74 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത രഹാനെ ഒന്നാം വിക്കറ്റില്‍ 124 റണ്‍സാണ് രോഹിതിനൊപ്പം ചേര്‍ത്തത്. ക്യാപ്റ്റന്‍ കോലിക്ക് പക്ഷേ, തിളങ്ങാനായില്ല. 55 പന്തില്‍ നിന്ന് 39 റണ്‍സ് മാത്രമാണ് കോലിയുടെ സംഭാവന. കേദാര്‍ ജാദവ് അഞ്ചും മനീഷ് പാണ്‌ഡെ പതിനൊന്നും റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറിയും മധ്യനിരയില്‍ ഹെഡ്ഡും സ്‌റ്റോയിന്‍സും ചേര്‍ന്ന കൂട്ടുകെട്ടുമാണ് ആദ്യം ബാറ്റ് ചെയ്ത  ഓസ്‌ട്രേലിയക്ക് തുണയായത്. ഓപ്പണര്‍മാരായ വാര്‍ണര്‍ 53 ഉം ഫിഞ്ച് 32 ഉം റണ്‍സ് നേടി. 66 റണ്‍സായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്.

ക്യാപ്റ്റന്‍ സ്മിത്തിനും ഹാന്‍ഡ്‌സ്‌കോമ്പിനും കാര്യമായ സംഭവന നല്‍കാനായില്ല. പിന്നീട് നാലിന് 118 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിയ ഓസീസിനെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ സ്‌റ്റോയിന്‍സും ഹെഡുമാണ്. ഇരുവരും ചേര്‍ന്ന് 87ഉം റണ്‍സാണ് നേടിയത്.

ടീമില്‍ തിരിച്ചെത്തിയ അക്‌സര്‍ പട്ടേല്‍ മൂന്നും ജസ്പ്രീത് ഭൂംറ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കായിരുന്നു ജയം. തുടര്‍ച്ചയായ ഒന്‍പത് ഏകദിനങ്ങള്‍ക്കുശേഷം ഇന്ത്യ വഴങ്ങിയ തോല്‍വിയായിരുന്നു ഇത്.