സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റിലെ മികവ് സിഡ്‌നിയിലും ആവര്‍ത്തിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. സിഡ്‌നിയില്‍ ഓസീസിനെതിരേ അര്‍ധ സെഞ്ചുറി നേടിയ മായങ്ക് ഇതോടെ സുനില്‍ ഗവാസ്‌ക്കര്‍, പൃഥ്വി ഷാ എന്നിവരുടെ റെക്കോഡിനൊപ്പമെത്തി. 

കരിയറിലെ ആദ്യ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് അര്‍ധശതകങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് മായങ്ക്. സിഡ്‌നിയില്‍ 112 പന്തുകളില്‍ നിന്ന് താരം 77 റണ്‍സെടുത്തു. 

ഇരുപത്തിയേഴുകാരനായ മായങ്ക് ഓസ്‌ട്രേലിയയില്‍ രണ്ട് അര്‍ധശതകങ്ങള്‍ നേടുന്ന എട്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ മായങ്ക് ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സുമെടുത്തിരുന്നു. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും മെല്‍ബണില്‍ മായങ്ക് സ്വന്തമാക്കി. 

ഓസ്ട്രേലിയക്കെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലും മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യം പരാജയമായതോടെയാണ് മായങ്കിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.

ഓസ്ട്രേലിയയില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതിയും മായങ്ക് സ്വന്തമാക്കിയിരുന്നു. 1947-ല്‍ ഇന്ത്യയ്ക്കായി സിഡ്‌നിയില്‍ അരങ്ങേറിയ ദത്തു ഫാഡ്കറുടെ റെക്കോര്‍ഡാണ് മായങ്ക് മെല്‍ബണില്‍ മറികടന്നത്. ആദ്യ ടെസ്റ്റില്‍ 51 റണ്‍സെടുത്ത ഫാഡ്കറുടെ പേരിലായിരുന്നു ഇതുവരെ ഓസ്‌ട്രേലിയയിലെ അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സെടുത്തതിന്റെ റെക്കോഡ്.

Content Highlights: india vs australia mayank agarwal joins sunil gavaskar prithvi shaw in elite list