സിഡ്‌നി ടെസ്റ്റ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ് ഓസീസ്. വെളിച്ചകുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയക്ക് 386 റണ്‍സ് കൂടി വേണം. 28 റണ്‍സോടെ ഹാന്‍ഡ്‌സ്‌കോമ്പും 25 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.  

ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് തകരുകയായിരുന്നു. 198 റണ്‍സിനിടയില്‍ ഓസീസ് ആറു വിക്കറ്റ് കളഞ്ഞു. മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖ്വാജ (27), ലാബുസ്ച്ചാഗ്നെ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. ഒരു വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി. 

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.  ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു. 

jadeja
ജഡേജ വിക്കറ്റാഘോഷിക്കുന്നു   ഫോട്ടോ: ബിസിസിഐ

 

നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്.

പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നല്‍കി. 81 റണ്‍സടിച്ച ജഡേജയെ ലിയോണ്‍ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്‌സ് ഡിക്ലയര്‍സ ചെയ്യുകയായിരുന്നു. 

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തില്‍ 42 റണ്‍സടിച്ച വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്.  

marcus harris
മൂന്നാം ദിനം അര്‍ദ്ധ സെഞ്ചുറി നേടിയ ഹാരിസ്   ഫോട്ടോ: ബിസിസിഐ

 

ആദ്യ ദിനം ഇങ്ങനെ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്‌സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് മായങ്ക് അഗര്‍വാള്‍ 116 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 77 റണ്‍സെടുത്ത് നില്‍ക്കെ മായങ്കിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി. 

വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 180. 59 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സാണ് കോലിയുടെ സംഭാവന. ഹെയ്‌സെല്‍വുഡിന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി രഹാനെ ക്രീസ് വിട്ടു.

Content Highlights: India vs Australia Fourth Test Day 3