ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് തോല്‍വി. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്തായി. 

132 റണ്‍സിന് ആറു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യം 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 46-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച കമ്മിന്‍സ് ഓസീസിന് ആശ്വാസം നല്‍കി. 

54 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ബൗണ്ടറികളുമടക്കം ഭുവനേശ്വര്‍ 46 റണ്‍സെടുത്തു. പിന്നാലെ 44 റണ്‍സെടുത്ത കേദാര്‍ ജാദവിനെ റിച്ചാഡ്‌സണ്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര 3-2 ന് സ്വന്തമാക്കി. നേരത്തെ രണ്ടു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു.

india vs australia

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (56) മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. തുടക്കത്തില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (12), ക്യാപ്റ്റന്‍ വിരാട് കോലി (20), ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖ്വാജയുടെ ഇന്നിങ്‌സാണ് ഓസീസിനെ 272-ല്‍ എത്തിച്ചത്. നേരത്തെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തില്‍ കുതിച്ച ഓസീസ് ബാറ്റിങ്ങിനെ അവസാനം പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരാണ് വിജയലക്ഷ്യം 273 ആക്കിയത്. 32 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. 

പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖ്വാജയുടെ ഇന്നിങ്‌സാണ് ഓസീസിന് തുണയായത്. 106 പന്തില്‍ നിന്ന് രണ്ടു സിക്സും 10 ബൗണ്ടറികളുമടക്കം ഖ്വാജ 100 റണ്‍സെടുത്തു. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കുറിച്ചത്.

india vs australia

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ഫിഞ്ചും - ഖ്വാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 43 പന്തുകള്‍ നേരിട്ട് നാലു ബൗണ്ടറികളടക്കം 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജയാണ് പുറത്താക്കിയത്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഖ്വാജ - ഫിഞ്ച് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിന്നിടുന്നത്. പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമായി ചേര്‍ന്ന് ഖ്വാജ ഓസീസ് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 99 റണ്‍സ് ചേര്‍ത്തു. 60 പന്ത് നേരിട്ട ഹാന്‍ഡ്‌സ്‌കോമ്പ് നാലു ബൗണ്ടറി സഹിതം 52 റണ്‍സെടുത്ത് ഷമിയുടെ പന്തില്‍ പുറത്തായി.

ഖ്വാജ പുറത്തായ ശേഷം കളം പിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 250-ല്‍ താഴെ ഒതുക്കുമെന്ന തോന്നലുയര്‍ന്നിരുന്നു. എന്നാല്‍ തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനമാണ് ഓസീസിനെ 272-ല്‍ എത്തിച്ചത്. പാറ്റ് കമ്മിന്‍സ് എട്ടു പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ജേ റിച്ചാഡ്‌സണ്‍ 21 പന്തില്‍ 29 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. 

ഗ്ലെന്‍ മാക്‌സ്വെല്‍ (1), മാര്‍ക്കസ് സ്റ്റോയ്‌നിസ് (20), ആഷ്ടണ്‍ ടര്‍ണര്‍ (20), അലക്‌സ് കാരി (3), നഥാന്‍ ലിയോണ്‍ (1*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ് 39 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Content Highlights: India vs Australia Fifth ODI Cricket