ക്ഷമയും വിവേവകവും ഒത്തുചേര്‍ന്ന ഇന്നിങ്‌സ്. സിഡ്‌നി ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് കണ്ടാല്‍ ഇങ്ങനെയാണ് തോന്നുക. വളരെ സമയമെടുത്ത്, ക്ഷമാപൂര്‍വ്വം, മികച്ച ഷോട്ടിലൂടെ ഓസീസ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രം. പുറത്താകും മുമ്പെ ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും ക്രീസില്‍ ചിലവഴിച്ച് ഇന്ത്യക്കായി വന്‍മതില്‍ പണിതുകഴിഞ്ഞിരുന്നു ഈ മുപ്പതുകാരന്‍.

ഇരട്ട സെഞ്ചുറി ഏഴ് റണ്‍സരികെ വെച്ച് നഥാന്‍ ലിയോണിന്റെ പന്തിന് മുന്നില്‍ നഷ്ടപ്പെട്ടെങ്കിലും പൂജാര ക്രീസ് വിട്ടത് ഒരുപിടി റെക്കോഡുകളുമായാണ്. ഓസ്‌ട്രേലിയയില്‍ ഒരു ഏഷ്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ആറാമത്തെ സ്‌കോര്‍ ഇനി പൂജാരയുടെ പേരിലാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (241), രാഹുല്‍ ദ്രാവിഡ് (223), രവി ശാസ്ത്രി (206), അസ്ഹര്‍ അലി (205), വീരേന്ദര്‍ സെവാഗ് (195) എന്നിവരാണ് പൂജാരയ്ക്ക് മുന്നിലുള്ളത്. 

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 362 പന്തുകളാണ് പൂജാര നേരിട്ടത്. ഇതോടെ ഓസ്‌ട്രേലിയയിലെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ താരമായി പൂജാര. ഈ പരമ്പരയില്‍ ഇതുവരെ 1257 പന്തുകളാണ് പൂജാര നേരിട്ടത്. രാഹുല്‍ ദ്രാവിഡ് (1203), വിജയ് ഹസാരെ (1192), വിരാട് കോലി (1093), സുനില്‍ ഗവാസ്‌ക്കര്‍ (1032) എന്നിവരെ പിന്നിലാക്കിയാണ് പൂജാരയുടെ കുതിപ്പ്. 

വിദേശ പിച്ചില്‍ തന്റെ ഏറ്റവുമയര്‍ന്ന സ്‌കോറും പൂജാര സ്വന്തമാക്കി. ഒപ്പം  ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും പൂജാര സ്വന്തമാക്കി. രാഹുല്‍ ദ്രാവിഡും വിരാട് കോലിയുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

 

 

Content Highlights: India vs Australia Cheteshwar Pujara registers another record in Sydney