ചെന്നൈ: ശ്രീലങ്കയാണെങ്കിലും ഓസ്‌ട്രേലിയ ആണെങ്കിലും ഇന്ത്യക്ക് ഒരുപോലെയാണ്. ലങ്കക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ഓസീസിനെതിരെയും ഇന്ത്യക്ക് വിജയത്തുടക്കം. ചെന്നൈ ചിദംബംരം സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസീസിനെ 26 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.

മഴ മൂലം 21 ഓവറും 164 റണ്‍സ് വിജയലക്ഷ്യവുമാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നേരത്തെ 50 ഓവര്‍ ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഓസീസ് ബാറ്റിങ്ങിനിറങ്ങും മുമ്പ് മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്നാണ് മഴനിയമപ്രകാരം 21 ഓവറില്‍ 164 റണ്‍സ് വിജയലക്ഷ്യമാക്കി ചുരുക്കിയത്. 

ഓസീസ് ബാറ്റിങ് നിരയ്ക്ക്‌ അവസരം നല്‍കാതെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ പോലും ഓസീസ് ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയില്ല. 39 റണ്‍സെടുത്ത മാക്‌സ്‌വെല്ലും 25 റണ്‍സടിച്ച് ഡേവിഡ് വാര്‍ണറും 32 റണ്‍സെടുത്ത ഫോക്‌നറും മാത്രമേ ഓസീസ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. യുസ്‌വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Hardik Pandya

നേരത്തെ എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ പാണ്ഡ്യയും ധോനിയും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ഇരുവരും 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.

അഞ്ചു വീതം ഫോറും സിക്സും അടിച്ച പാണ്ഡ്യ 66 പന്തില്‍ നിന്നാണ് 83 റണ്‍സ് നേടിയത്. 41-ാം ഓവറില്‍ പാണ്ഡ്യയെ സാംബ പുറത്താക്കുകയായിരുന്നു. ധോനി പിന്നീട് അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ഇന്ത്യക്ക് വേഗത്തില്‍ സ്‌കോര്‍ സമ്മാനിച്ചു. 

ഇരുവരും ഏഴാം വിക്കറ്റില്‍ 54 പന്തില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 88 പന്തില്‍ നാല് ഫോറും രണ്ടു സിക്സുമടക്കം 79 റണ്‍സാണ് ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഭുവനേശ്വര്‍ 30 പന്തില്‍ അഞ്ചു ഫോറടക്കം 32 റണ്‍സടിച്ചപ്പോള്‍ അവസാന അഞ്ച് ഓവറില്‍ പിറന്നത് 53 റണ്‍സാണ്. 

MS Dhoni
ധോനിയുടെ ബാറ്റിങ്   ഫോട്ടോ: വി രമേശ്‌

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ  ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത അജിങ്ക്യ രഹാനെയെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ രഹാനെക്ക് അവസരം മുതലാക്കാനായില്ല.

ആറാം ഓവറിലെ ആദ്യ പന്തില്‍ കോലിയും പുറത്തായി. നാല് പന്ത് നേരിട്ട കോലിയെയും കോള്‍ട്ടെര്‍ നെയ്ലാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെക്കും അല്‍പായുസ്സായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ കോള്‍ട്ടര്‍ നെയ്ല്‍ പാണ്ഡെയെ പുറത്താക്കി. 

പിന്നീട് രോഹിത് ശര്‍മ്മയും കേദര്‍ ജാദവും ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 28 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി സ്റ്റോയ്ന്‍സ് ആ കൂട്ടുകെട്ടു പൊളിച്ചു. പിന്നീട് കേദര്‍ ജാദവിനെയും സ്റ്റോയ്ന്‍സ് പുറത്താക്കി. 40 റണ്‍സായിരുന്നു ജാദവിന്റെ സമ്പാദ്യം. ഓസീസിനായി കോള്‍ട്ടെര്‍ നെയ്ല്‍ മൂന്നു വിക്കറ്റും സ്റ്റോയ്ന്‍സ് രണ്ടു വിക്കറ്റും വീഴ്ത്തി.