Photo: AP
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് തുടങ്ങാന്‍ ഇനി ഒരുദിനം മാത്രം ബാക്കി. ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് നാഗ്പുരില്‍ വ്യാഴാഴ്ച മുതല്‍. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും ആവേശപ്പോരുകളില്‍ ഒന്നാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലൂടെ...
1996-97 കാലത്താണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നല്‍കുന്നത്. ഈ ട്രോഫിക്ക് കീഴില്‍ 15 പരമ്പരകള്‍ നടന്നു. ഇന്ത്യ ഒമ്പതും ഓസ്ട്രേലിയ അഞ്ചും പരമ്പരകള്‍ ജയിച്ചു. ഒന്ന് സമനിലയിലായി.
കോലിയുടെ സ്വന്തം ഓസ്‌ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയാണ്. 2014-15 ലായിരുന്നു ഇത്. ആ പരമ്പരയില്‍ കോലി നേടിയത് 692 റണ്‍സ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടിയ കൂടുതല്‍ റണ്‍സും ഇതാണ്. ഓസ്ട്രേലിയയില്‍ രണ്ട് സെഞ്ചുറി നേടുന്ന ഏക ക്യാപ്റ്റനാണ് വിരാട് കോലി. ഓസ്ട്രേലിയയില്‍ രണ്ടിന്നിങ്സിലും സെഞ്ചുറിനേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററാണ് കോലി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ അഡ്ലെയ്ഡില്‍ 115, 141 എന്നീ സ്‌കോറുകള്‍ കുറിച്ചു. വിജയ് ഹസാരെയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍. 1948-ല്‍ അഡ്ലെയ്ഡില്‍ 116, 145 എന്നിങ്ങനെ രണ്ടിന്നിങ്സിലായി സ്‌കോര്‍ ചെയ്തു.2014-ല്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ കോലി അടിച്ചെടുത്തത് 256 റണ്‍സ്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍. 1967-68ല്‍ ന്യൂസീലന്‍ഡിന്റെ ഗ്രഹാം ഡൗളിങ് നേടിയ 244 റണ്‍സിനെയാണ് കോലി പിന്നിലാക്കിയത്. അഡ്ലെയ്ഡില്‍ മൂന്ന് സെഞ്ചുറി നേടിയ രണ്ട് സന്ദര്‍ശക ബാറ്റര്‍മാരിലൊരാള്‍ കോലിയാണ്. നാല് ഇന്നിങ്സില്‍ 98.50 ശരാശരിയോടെ 394 റണ്‍സാണ് കോലി ഈ വേദിയില്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ ജാക് ഹോബ്സും അഡ്ലെയ്ഡില്‍ മൂന്ന് സെഞ്ചുറി നേടിയിട്ടുണ്ട്.ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. 2014-ല്‍ ഓസ്ട്രേലിയക്കെതിരേ 175 പന്തില്‍ 141 റണ്‍സ് നേടി. 1992-ല്‍ അഡ്ലെയ്ഡില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ആദ്യം ഈ നേട്ടം കൈവരിച്ചത്.
ദ്രാവിഡ്-ലക്ഷ്മണ്‍, ഒരു മാരക കോംബോ
ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാണ് 2001 മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റ്. അന്ന് ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നിട്ടും ഇന്ത്യ 171 റണ്‍സിന് മത്സരം ജയിച്ചു. സ്‌കോര്‍: ഓസ്ട്രേലിയ 445, 212, ഇന്ത്യ 171, 657/7 ഡിക്ല. വി.വി.എസ്. ലക്ഷ്മണും (281) രാഹുല്‍ ദ്രാവിഡും (180) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 376 റണ്‍സാണ് ടെസ്റ്റിന്റെ ഗതി മാറ്റിമറിച്ചത്. ഏതു വിക്കറ്റ് കൂട്ടുകെട്ടിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. ഓസ്ട്രേലിയക്കെതിരേ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ലക്ഷ്മണ്‍ കുറിച്ചത്. എതിരാളിയെ ഫോളോ ഓണ്‍ ചെയ്യിച്ചശേഷം ഒരു ടീം തോല്‍ക്കുന്നത് ചരിത്രത്തില്‍ മൂന്നാംതവണ മാത്രമാണ്. ആദ്യ രണ്ടു സംഭവങ്ങളിലും തോറ്റ ടീം ഓസ്ട്രേലിയ തന്നെയാണെന്നത് മറ്റൊരു കൗതുകം.
മറ്റ് ചില കണക്കുകള്‍
-ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് പരമ്പര നടന്നത് 1947-48ലാണ്. ഓസ്ട്രേലിയയില്‍നടന്ന അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 4-0ന് ജയിച്ചു
-ഇരുരാജ്യങ്ങളും 27 ടെസ്റ്റ് പരമ്പരകളാണ് ഇതുവരെ കളിച്ചത്. ഓസ്ട്രേലിയ 12-ഉം ഇന്ത്യ 10-ഉം പരമ്പരകള്‍ ജയിച്ചു. അഞ്ചെണ്ണം സമനിലയായി.
-2003-04ല്‍ സിഡ്നിയില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 705/7 ഡിക്ല. ആണ് ഉയര്‍ന്ന ഇന്നിങ്സ് സ്‌കോര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ 241-ഉം വി.വി.എസ്. ലക്ഷ്മണ്‍ 178-ഉം റണ്‍സെടുത്തു. അനില്‍ കുംബ്ലെ ഒരിന്നിങ്സില്‍ എട്ടു വിക്കറ്റെടുത്തു. മത്സരം സമനിലയിലായി.
-ചെറിയ ഇന്നിങ്സ് സ്‌കോറും ഇന്ത്യയുടെ പേരില്‍ത്തന്നെ. 2020-21ല്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യ 36 റണ്‍സിന് പുറത്തായി. ജോഷ് ഹേസല്‍വുഡ് എട്ട് റണ്‍സിന് അഞ്ചും പാറ്റ് കമിന്‍സ് 21 റണ്‍സിന് നാലും വിക്കറ്റെടുത്തു.
-ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി കൂടുതല്‍ മത്സരം കളിച്ചത് ഇന്ത്യയുടെ എം.എസ്. ധോനിയാണ്. 2008-2014 കാലത്ത് 13 പരമ്പരകളില്‍ ഇന്ത്യയെ നയിച്ചു. എട്ടില്‍ ജയിച്ചു, നാലില്‍ തോറ്റു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ധോനിയുടെ വിജയശതമാനം 61.53 ആണ്.
-ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നൂറിലേറെ വിക്കറ്റുകള്‍ വീഴ്ത്തിയ ഏക ബൗളര്‍ അനില്‍ കുംബ്ലെയാണ്.
-ഒരു പരമ്പരയില്‍ മൂന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ 700-ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. സ്റ്റീവന്‍ സ്മിത്ത് 769 (2014-15), ഡൊണാള്‍ഡ് ബ്രാഡ്മാന്‍ 715 (1947-48), റിക്കി പോണ്ടിങ് 706 (2003-04).
-ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ മത്സരം കളിച്ച താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്, 39. പതിനൊന്ന് സെഞ്ചുറികളോടെ 3630 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ജാക് ഹോബ്സും ഡേവിഡ് ഗവറും മാത്രമാണ് സച്ചിനെ കൂടാതെ ഓസ്ട്രേലിയക്കെതിരേ 3000-ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
Content Highlights: india vs australia border gavaskar trophy test series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..