സിഡ്നി: ചേതേശ്വര്‍ പൂജാരയുടെയും യുവതാരം ഋഷഭ് പന്തിന്റെയും സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്.
എന്നാല്‍ രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ പൂജാരയുടെയും പന്തിന്റെയും പ്രകടനത്തിനൊപ്പം തന്നെ ഇന്ത്യന്‍ ടീമിലെ ഒരു താരത്തിന്റെ പുറത്താകലും ചര്‍ച്ചയാവുകയാണ്.
ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ഹനുമ വിഹാരിയുടെ പുറത്താകലാണ് വിവാദമായിരിക്കുന്നത്. വിഹാരിയുടെ വിക്കറ്റ് സംബന്ധിച്ചാണ് മുന്‍ താരങ്ങള്‍ക്കു വരെ സംശയം തോന്നിയിരിക്കുന്നത്.
102-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. സ്പിന്നര്‍ നഥാന്‍ ലിയോണിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ച വിഹാരിക്ക് ടൈമിങ് തെറ്റി. പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ മാര്‍നസ് ലബുഷെയ്നിന്റെ കൈകളിലൊതുങ്ങി. ഓസീസ് താരങ്ങളുടെ അപ്പീലിനൊടുവില്‍ അമ്പയറുടെ വിരൽ ഉയര്‍ന്നു. ഉടന്‍ തന്നെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന പൂജാരയുമായി ആലോചിച്ച് വിഹാരി ഡി.ആര്.എസ് എടുത്തു.
പന്ത് തന്റെ കൈയിലാണ് തട്ടിയതെന്ന് വിഹാരി ചൂണ്ടിക്കാണിക്കുന്നുമുണ്ടായിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തോടെയായിരുന്നു വിഹാരി അമ്പയറുടെ തീരുമാനം പുനഃപരിശോധിച്ചത്. അതേസമയം ചില വീഡിയോ ദൃശ്യങ്ങളില്‍ ലിയോണ്‍ തന്നെ പന്ത് തട്ടിയത് കൈയിലാണെന്ന തരത്തിലുള്ള ആംഗ്യം കാണിക്കുന്നുമുണ്ട്. എന്നാല്‍ ഡി.ആര്.എസ് തീരുമാനം വന്നപ്പോള്‍ വിഹാരി ഔട്ടായിരുന്നു.
ഇതിനു പിന്നാലെ മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനത്തിലാണ് വിഹാരി പുറത്തായതെന്നും മറുവശത്ത് ഈ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്.
പന്ത് ബാറ്റിലോ, ഗ്ലൗവിലോ തട്ടിയിരുന്നില്ലെന്നാണ് മുന്‍ ഓസീസ് താരം മൈക്ക് ഹസ്സിയുടെ അഭിപ്രായം. പന്തും ബാറ്റും തമ്മില്‍ നല്ല അകലമുണ്ടായിരുന്നെന്നും പന്ത് കടന്നുപോകുമ്പോള്‍ കേട്ട ശബ്ദം മറ്റെന്തിന്റേതെങ്കിലുമാകാമെന്നും ഹസ്സി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ വിഹാരിയുടേത് വിക്കറ്റല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: india vs australia 4th test out or not out hanuma viharis dismissal at scg controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..