Photo: twitter.com
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്.
104 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. സ്റ്റീവന്‍ സ്മിത്ത്(38), ട്രാവിസ് ഹെഡ്(32) എന്നിവര്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയപ്പോള്‍ മാര്‍നസ് ലബുഷെയ്ന്‍ (3) നിരാശപ്പെടുത്തി. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഓസീസ് ബാറ്റര്‍മാര്‍ 13 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ട്രാവിസ് ഹെഡ്ഡായിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് അശ്വിന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു.
44 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡിനെ രവീന്ദ്ര ജഡേജയുടെ കൈയ്യിലെത്തിച്ച് അശ്വിന്‍ ഓസീസിന്റെ ആദ്യവിക്കറ്റ് വീഴ്ത്തി. അശ്വിന്റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ഹെഡ്ഡിന്റെ ശ്രമം പാളുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഹെഡ്ഡ് പുറത്തായത്. താരത്തിന് പകരം മാര്‍നസ് ലബൂഷെയ്ന്‍ ക്രീസിലെത്തി. എന്നാല്‍ ലബൂഷെയ്‌നിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 20 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ലബൂഷെയ്‌നിനെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ഷമിയുടെ പന്ത് ലബൂഷെയ്‌നിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഓസീസ് 72 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
എന്നാൽ ലബൂഷെയ്നിന് പിന്നാലെ നായകൻ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ ഓസീസ് മത്സരത്തിൽ പിടിമുറുക്കി. മികച്ച ഫോമിൽ കളിച്ച ഖവാജയ്ക്ക് മികച്ച പിന്തുണ നൽകിയ സ്മിത്ത് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. സ്മിത്തിനെ സാക്ഷിയാക്കി ഖവാജ അർധസെഞ്ചുറി നേടുകയും ചെയ്തു. രണ്ടാം സെഷനില്‍ 74 റണ്‍സാണ് ഖവാജയും സ്മിത്തും ചേര്‍ന്ന് നേടിയത്. 33 ഓവര്‍ ചെയ്ത ഇന്ത്യയ്ക്ക് വിക്കറ്റ് വീഴ്ത്താനുമായില്ല. എന്നാൽ ചായയ്ക്ക് ശേഷം ക്രീസിലെത്തിയ സ്മിത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല.രവീന്ദ്ര ജഡേജയുടെ പന്തിൽ താരം പുറത്തായി.
ഖവാജയ്‌ക്കൊപ്പം അപകടകരമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ സ്മിത്ത് പുറത്താകുകയായിരുന്നു. 38 റണ്‍സെടുത്ത സ്മിത്ത് ജഡേജയുടെ പന്ത് പ്രതിരോധിക്കുന്നതില്‍ പിഴവുവരുത്തി. സ്മിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് പാഡിലുരസി വിക്കറ്റില്‍ പതിച്ചു. ഇതോടെ ഓസീസ് 151 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.
ഖവാജയ്‌ക്കൊപ്പം 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സ്മിത്ത് ക്രീസ് വിട്ടത്. സ്മിത്തിന് പകരമെത്തിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് അധികനേരം നിലയുറപ്പിക്കാനായില്ല. 17 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടിറങ്ങിയ കാമറൂണ്‍ ഗ്രീനുമൊത്ത് ഖവാജ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സെഞ്ചുറി തികച്ച ഖവാജയും അര്‍ധസെഞ്ചുറിക്കരികെ നില്‍ക്കുന്ന ഗ്രീനുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലിടം നേടി. ഓസ്‌ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും സ്‌റ്റേഡിയത്തിലെത്തി. റെക്കോഡ് കാണികളാണ് മത്സരം കാണാനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരത്തിന് തുടങ്ങുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് ഗായിക ഫാല്‍ഗുനി ഷായുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും അരങ്ങേറി.
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരെന്നനിലയില്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തിയിരുന്നു. ഇന്ദോറില്‍ മൂന്നാംടെസ്റ്റില്‍ സ്പിന്നര്‍മാരെ മുന്‍നിര്‍ത്തി ഓസ്ട്രേലിയ തിരിച്ചടിച്ചു. നാലാംടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ലഭിക്കും.
Content Highlights: india vs australia 4th test match day 1 updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..