Photo: twitter.com/BCCI
അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ ലീഡ്. വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 571 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം മത്സരമവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസം ശേഷിക്കേ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 88 റണ്‍സ് വേണം. ട്രാവിസ് ഹെഡും (3) നൈറ്റ് വാച്ച്മാന്‍ മാത്യു കുന്നെമാനുമാണ് (0) ക്രീസിലുള്ളത്.
14 റണ്‍സകലെ വിരാട് കോലിയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടപ്പെട്ടതൊഴിച്ചാല്‍ നാലാം ദിനം ഇന്ത്യ സ്വന്തമാക്കി. ക്ഷമയോടെ ബാറ്റുവീശിയ കോലി 364 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളുടെ സഹായത്തോടെ 186 റണ്‍സെടുത്ത് അവസാനമാണ് പുറത്തായത്. പരിക്കുമൂലം ശ്രേയസ് അയ്യര്‍ ബാറ്റുചെയ്യാനിറങ്ങാത്തതുമൂലം ഒന്‍പത് വിക്കറ്റ് വീണപ്പോഴേക്കും ഇന്ത്യ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും (128) സെഞ്ചുറി നേടിയിരുന്നു. നാലാം ദിനം ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു.
വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു നാലാം ദിനത്തിലെ പ്രത്യേകത. ടെസ്റ്റില്‍ മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോലി സെഞ്ചുറിയിലേക്കെത്തിയത്. കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും 17 ദിവസവും. ടെസ്റ്റില്‍ താരത്തിന്റെ 28-ാം സെഞ്ചുറിയും രാജ്യാന്തര കരിയറിലെ 75-ാമത്തേതും. ഇന്ത്യന്‍ മണ്ണില്‍ കോലിയുടെ 14-ാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു അഹമ്മദാബാദിലേത്.
241 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. നാലാം ദിനം ഒരു ബൗണ്ടറി പോലും നേടാതെയാണ് താരം സെഞ്ചുറിയിലേക്കെത്തിയത്.
പുറംവേദന കാരണം സ്‌കാനിങ്ങിന് വിധേയനാക്കിയ ശ്രേയസ് അയ്യര്‍ നാലാം ദിനം ബാറ്റിങ്ങിനെത്തിയില്ല. മൂന്നാം ദിവസത്തെ മത്സരത്തിനു ശേഷമാണ് ശ്രേയസിന് കടുത്ത പുറംവേദന അനുഭവപ്പെട്ടത്. ഇതോടെ നാലാം ദിനം രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണ ശേഷം ശ്രീകര്‍ ഭരതാണ് ക്രീസിലെത്തിയത്. ഭരത് പുറത്തായ ശേഷം അക്ഷര്‍ പട്ടേലും ക്രീസിലെത്തി.
അക്ഷര്‍ പട്ടേല്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും ഓസ്‌ട്രേലിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. അക്ഷറിനെ സാക്ഷിയാക്കി കോലി 150 കടന്നു. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അക്ഷര്‍-കോലി സഖ്യത്തിന്റെ മികച്ച ബാറ്റിങ് മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി മാത്രമല്ല ടീം സ്‌കോര്‍ 500 കടത്തുകയും ചെയ്തു. വൈകാതെ അക്ഷര്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധശതകം കുറിച്ചു.
അര്‍ധസെഞ്ചുറി കുറിച്ച ശേഷം ആക്രമിച്ച് കളിച്ച അക്ഷര്‍ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗമുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 555-ല്‍ നില്‍ക്കേ അക്ഷറിനെ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിന് ആശ്വാസമേകി. സ്റ്റാര്‍ക്കിന്റെ പന്ത് അക്ഷറിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. 79 റണ്‍സെടുത്ത അക്ഷര്‍ കോലിയ്‌ക്കൊപ്പം 162 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. ആറാം വിക്കറ്റില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
പിന്നാലെ വന്ന അശ്വിനും (7) ഉമേഷ് യാദവും അതിവേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒടുവില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച കോലി ടോഡ് മര്‍ഫിയുടെ പന്തില്‍ മാര്‍നസ് ലബൂഷെയ്‌നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു. ഷമി റണ്‍സെടുക്കാതെ പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും മാത്യു കുന്നെമാനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മൂന്നിന് 289 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 84 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ജഡേജയെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ മടങ്ങിയത്.
തുടര്‍ന്ന് കോലിയും ശ്രീകര്‍ ഭരതും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 88 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 44 റണ്‍സെടുത്ത ഭരതിനെ നേഥന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത് ഗില്ലും പുജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 113 റണ്‍സാണ്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തുമായി ഗില്‍ 74 റണ്‍സ് ചേര്‍ത്തിരുന്നു. മാത്യു കുനെമാന്റെ പന്തില്‍ രോഹിത് (35) പുറത്തായതിന് ശേഷമെത്തിയ പുജാരയുമായി ചേര്‍ന്ന് ഗില്‍ ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. ആറ് മണിക്കൂറോളം ക്രീസില്‍ ചെലവിട്ട ഗില്‍ 235 പന്തില്‍ നിന്നാണ് 128 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഗില്ലിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. ഈ വര്‍ഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഗില്ലിന്റെ അഞ്ചാം സെഞ്ചുറിയാണ്.
പുജാരയാകട്ടെ, പതിവുതാളത്തിലായിരുന്നു. മോശം പന്തുകള്‍ക്കായി ക്ഷമയോടെ കാത്തുനിന്നാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 121 പന്തിലാണ് പുജാരയുടെ 42 റണ്‍സ് വന്നത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഗില്‍-കോലി സഖ്യം 58 റണ്‍സും കൂട്ടിച്ചേര്‍ത്തു.
Content Highlights: India vs Australia 4th Test day 4 at Ahmedabad live updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..