Photo: twitter.com|cricketcomau
ബ്രിസ്ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍.
20 റണ്‍സുമായി ഡേവിഡ് വാര്‍ണറും ഒരു റണ്ണുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. ഓസീസിന് 54 റണ്‍സ് ലീഡായി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 336 റണ്‍സിന് പുറത്തായിരുന്നു.
ഏഴാം വിക്കറ്റില്‍ ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 300 കടത്തിയത് ഈ സഖ്യമാണ്.
തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 62 റണ്‍സെടുത്തു. അതിനിടെ ടെസ്റ്റിലെ അരങ്ങേറ്റ ഇന്നിങ്സില്‍ മൂന്നു വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സുന്ദര്‍ സ്വന്തമാക്കി.
115 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും ഒമ്പത് ഫോറുമടക്കം 67 റണ്‍സെടുത്ത ഷാര്‍ദുലിനെ പുറത്താക്കി കമ്മിന്‍സാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുലിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ സിക്സറിന് പറത്തിയാണ് ഷാര്‍ദുല്‍ അര്‍ധ സെഞ്ചുറി തികച്ചത്.
ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടവും ഈ സഖ്യം സ്വന്തം പേരിലാക്കി. 1991-ലെ കപില്‍ ദേവ് - മനോജ് പ്രഭാകര്‍ സഖ്യത്തിന്റെ നേട്ടമാണ് ഇവര്‍ മറികടന്നത്.
ഓസീസിനായി ജോഷ് ഹെയ്സല്‍വുഡ് അഞ്ചു വിക്കറ്റുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതമെടുത്തു.
മൂന്നാം ദിനം രണ്ടിന് 62 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാര (25), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (37), മായങ്ക് അഗര്‍വാള്‍ (38), ഋഷഭ് പന്ത് (23) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (4), രോഹിത് ശര്‍മ (44) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്നാം ഇന്നിങ്സില്‍ മാര്‍നസ് ലബുഷെയ്നിന്റെ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ 369 റണ്‍സെടുത്തിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs Australia 4th Test Day 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..