സിഡ്നി: ക്രീസിലെ മെല്ലേപ്പോക്കിന്റെ പേരില്‍ പലപ്പോഴും പഴി കേട്ടിട്ടുള്ള താരമാണ് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. എന്നാല്‍ തന്റെ ബാറ്റിങ് ശൈലിയിലൊന്നും തെല്ല് മാറ്റം വരുത്താതെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് താരം.

ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ അവരുടെ ബൗളര്‍മാരുടെ വേഗത്തിനും സ്വിങ്ങിനുമെല്ലാം തന്റെ തനതായ ബാറ്റിങ് ശൈലിയിലൂടെയാണ് പൂജാര മറുപടി നല്‍കിയത്. 150-ലേറെ കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തുകളെ കൂളായി ക്രീസില്‍ മുട്ടിയിടുന്ന രാഹുല്‍ ദ്രാവിന്റെ ശൈലി ഓര്‍മിപ്പിക്കുന്നതായിരുന്നു പലപ്പോഴും പൂജാരയുടെ ബാറ്റിങ്. 

ഈ പരമ്പരയില്‍ ഓസീസ് ബൗളര്‍മാരെ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ചതും മറ്റാരുമല്ല. ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 373 പന്തുകളാണ് പൂജാര നേരിട്ടത്. പൂജാരയ്‌ക്കെതിരേ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അദ്ദേഹത്തെ പുറത്താക്കാനാകാത്ത വിഷമത്തില്‍ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഒടുവില്‍ താരത്തോട് നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ എന്നുവരെ ചോദിച്ചു. 

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു ഈ സംഭവം. കളിക്കിടെ പൂജാര നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ എത്തിയപ്പോഴായിരു ലിയോണ്‍ താരത്തോട് നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ എന്നു ചോദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പത്തു മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 373 പന്തുകള്‍ നേരിട്ട് 193 റണ്‍സ് നേടിയാണ് പൂജാര മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയയിലെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ താരമായി പൂജാര. ഈ പരമ്പരയില്‍ ഇതുവരെ 1257 പന്തുകളാണ് പൂജാര നേരിട്ടത്. 2003-04 ലെ പരമ്പരയില്‍ 1203 പന്തുകള്‍ നേരിട്ട രാഹുല്‍ ദ്രാവിഡാണ് മുന്നില്‍. വിജയ് ഹസാരെ 1947-48 പരമ്പരയില്‍ 1192 പന്തുകള്‍ നേരിട്ടു. വിരാട് കോലി 2014-15 പരമ്പരയില്‍ 1093 പന്തുകള്‍ നേരിട്ടു. സുനില്‍ ഗവാസ്‌കര്‍ 1977-78 പരമ്പരയില്‍ നേരിട്ടത് 1032 പന്തുകളാണ്.

Content Highlights: india vs australia 4th test day 1 nathan lyon cheteshwar pujara