സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളിയവസാനിക്കുമ്പോള്‍. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍.
31 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാലു റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത്തിനെ കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. 98 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
അവസാന ദിനം എട്ടു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യയ്ക്ക് 309 റണ്‍സ് കൂടി വേണം.
നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ 407 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.
132 പന്തില്‍ നിന്ന് നാലു സിക്‌സും എട്ടു ഫോറുമടക്കം 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടീം പെയ്ന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 118 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 73 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനൊപ്പം 103 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ലബുഷെയ്ന്‍ മടങ്ങിയത്.
പിന്നാലെ നാലു റണ്‍സെടുത്ത മാത്യു വെയ്ഡിനെയും സെയ്നി മടക്കി. 167 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത സ്മിത്തിനെ അശ്വിനും പുറത്താക്കി.
ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്സ്‌കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നേരത്തെ നഷ്ടമായത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: India vs Australia 3rd Test day 4