സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 242 റണ്‍സ് പിറകിലാണ് ഇപ്പോള്‍ ഇന്ത്യ.
ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി മികച്ച തുടക്കമാണ് നല്‍കിയത്. ഇന്ത്യന്‍ സ്‌കോര്‍ 70-ല്‍ നില്‍ക്കെ 26 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഗില്‍ 101 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ഓസ്ട്രേലിയ 338 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്ന്‍, വില്‍ പുകോവ്‌സ്‌കി എന്നിവരുടെ മികവിലാണ് ഓസീസ് സിഡ്നി വിക്കറ്റില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
27-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് 226 പന്ത് നേരിട്ട് 16 ബൗണ്ടറികളടക്കം 131 റണ്‍സെടുത്തു. സ്മിത്തിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു.
രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ലബുഷെയ്ന്‍ - സ്മിത്ത് സഖ്യം ഓസീസ് സ്‌കോര്‍ 200 കടത്തി. 196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ മാത്യു വെയ്ഡിനെയും (13) ജഡേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ റണ്ണെടുക്കും മുമ്പ് പുറത്താക്കി ബുംറ ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയും (1) ബുംറ മടക്കി.
പാറ്റ് കമ്മിന്‍സ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (24), നഥാന്‍ ലിയോണ്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നവ്ദീപ് സെയ്‌നി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി.
പിന്നീട് ഒത്തുചേര്‍ന്ന പുകോവ്സ്‌കി ലബുഷെയ്ന്‍ സഖ്യം തകര്‍ച്ചയില്‍ നിന്നും ഓസീസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്സ്‌കി അര്‍ധസെഞ്ചുറിയുമായി (62) തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlights: India vs Australia 3rd Test day 2