മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ.
ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ് ഓസീസ്. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് രണ്ട് റണ്‍സ് ലീഡായി.
65 പന്തില്‍ നിന്ന് 17 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 53 പന്തില്‍ നിന്ന് 15 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ജോ ബേണ്‍സിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാര്‍നസ് ലബുഷെയ്ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു.
മാത്യു വെയ്ഡ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 137 പന്തില്‍ 40 റണ്‍സായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റണ്‍സെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റന്‍ ടീം പെയ്നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി.
പിന്നാലെ കാമറൂണ്‍ ഗ്രീനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, ബുംറ, ഉമേഷ് യാദവ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ഓസ്ട്രേലിയക്കെതിരേ 131 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം അഞ്ചു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 326 റണ്‍സിന് ഓള്‍ഔട്ടായി.
രണ്ടാം ദിനത്തിലെ സ്‌കോറിനേക്കാള്‍ 49 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
രഹാനെ 223 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികള്‍ സഹിതം 112 റണ്‍സെടുത്തു. 159 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ സഹിതം 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ആറാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ആര്‍. അശ്വിന്‍ (14), ഉമേഷ് യാദവ് (9), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട ഗില്‍ എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് മടങ്ങിയത്.
നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത പൂജാരയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍ - പൂജാര സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അജിങ്ക്യ രഹാനെ - ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാന്‍ ലിയോണ്‍ മടക്കി. 66 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്.
രഹാനെയ്‌ക്കൊപ്പം തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്തായി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: India vs Australia 2nd Test day 3