ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും കോച്ച് രവി ശാസ്ത്രിയും | Photo by Daniel Pockett|Getty Images
മെല്‍ബണ്‍: നിരാശയുടെയും നാണക്കേടിന്റെയും കറകള്‍ മായ്ച്ചുകളയാന്‍ ഇന്ത്യ, സ്വന്തം ടീമിന് അനുകൂലമായി കിട്ടിയ 'മൊമന്റം' മുതലാക്കാന്‍ ഓസ്ട്രേലിയ. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശനിയാഴ്ച മെല്‍ബണില്‍ തുടങ്ങുമ്പോള്‍ രണ്ടു ടീമുകളും രണ്ടു മാനസികാവസ്ഥയിലാണ്. 'ബോക്‌സിങ് ഡേ' ടെസ്റ്റ് മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമുതല്‍ മെല്‍ബണില്‍. സ്റ്റേഡിയത്തില്‍ 30,000 പേര്‍ക്ക് പ്രവേശനമുണ്ട്.
ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലുമായി (36 റണ്‍സ്) ഓള്‍ഔട്ടായ ഇന്ത്യയ്ക്ക് തലയുയര്‍ത്തണമെങ്കില്‍ ആധികാരിക ജയം തന്നെ വേണം. അതിനിടെ ക്യാപ്റ്റന്‍ കോലി, പ്രധാന ബൗളര്‍ മുഹമ്മദ് ഷമി എന്നിവരെ നഷ്ടപ്പെടുകയും ചെയ്തു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ഷമി പരിക്കില്‍പ്പെട്ടു. കോലിക്ക് പകരം അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും.
ഇതിനൊപ്പം ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി എന്നിവരെയും മാറ്റിനിര്‍ത്തും എന്നാണ് സൂചന. കോലി, പൃഥ്വി ഷാ എന്നിവര്‍ക്കുപകരം കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇലവനിലെത്തും. മായങ്ക് അഗര്‍വാളിനൊപ്പം ഇതിലൊരാള്‍ ഓപ്പണറാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും വിഹാരിക്ക് പകരം രവീന്ദ്ര ജഡേജയും എത്തും. ഷമിക്ക് പകരം നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവര്‍ പരിഗണനയിലുണ്ട്.
ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയശേഷമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. അത് ഡേ നൈറ്റ് (പിങ്ക്ബോള്‍) മത്സരമായിരുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് ബോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ആധിപത്യം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ ഒട്ടേറെ ക്യാച്ചുകള്‍ വിട്ടതും വിനയായി. മൂന്നാംദിവസംവരെ ഇന്ത്യയ്ക്ക് ആധിപത്യമുണ്ടായിരുന്ന മത്സരം ചെറിയ സമയത്തിനുള്ളില്‍ വഴുതിപ്പോയി.
ബാറ്റിങ്ങില്‍ അമിതമായ പ്രതിരോധത്തിലേക്ക് വലിഞ്ഞത് വിനയായി എന്ന വിലയിരുത്തലുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുംമുമ്പ് കോലിയും ഇക്കാര്യം ചൂണ്ടാക്കാട്ടി എന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, രാഹുല്‍ എന്നിവര്‍ എത്തുന്നതോടെ കുറച്ചുകൂടി ബാറ്റിങ്ങിന് ആക്രമണസ്വഭാവം വരും.
ഇനി മൂന്ന് ടെസ്റ്റുകളും പകല്‍മത്സരമാണെന്നത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നു. ഏകദിനത്തിനിടെ പരിക്കേറ്റ ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഓസ്ട്രേലിയന്‍ ഇലവനില്‍ മാറ്റമുണ്ടാകില്ലെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
Content Highlights: India vs Australia 2nd test at Melbourne India to bounce back
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..