കാമറൂണ്‍ ഗ്രീനും വെയ്ഡും തിളങ്ങി; ആദ്യ ട്വന്റി 20-യില്‍ ഇന്ത്യയെ 4 വിക്കറ്റിന് തകര്‍ത്ത് ഓസീസ്


കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് ജയമൊരുക്കിയത്

Photo: twitter.com/BCCI

മൊഹാലി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് ജയമൊരുക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി ക്യാപ്റ്റന്‍ ഫിഞ്ച് ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് തുടങ്ങിയത്. ഫിഞ്ച് - കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ട് തകര്‍പ്പന്‍ തുടക്കം ഓസീസിന് സമ്മാനിച്ചു. 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഫിഞ്ചിനെ നാലാം ഓവറില്‍ മടക്കി അക്ഷര്‍ പട്ടേലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ ഫിഞ്ച് പുറത്തായ ശേഷം ഗ്രീന്‍ തന്റെ തനിസ്വരൂപം പുറത്തെടുത്തു. ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി നാലു ബൗണ്ടറികള്‍ അടിച്ച് തുടങ്ങിയ താരം സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഓസീസ് സ്‌കോര്‍ 100 കടത്തി. രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ടും അക്ഷറാണ് പൊളിച്ചത്. 30 പന്തില്‍ നിന്ന് നാലു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത ഗ്രീനിനെ അക്ഷറിന്റെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതിനിടെ രണ്ടു തവണ ഗ്രീനിനെ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞത് ടീമിന് തിരിച്ചടിയായി.

ഗ്രീന്‍ പുറത്തായതിനു പിന്നാലെ സ്റ്റീവ് സ്മിത്ത് (24 പന്തില്‍ 35), ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ് (17) എന്നിവരെ പുറത്താക്കി ഇന്ത്യ ഓസീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ടിം ഡേവിഡ് - മാത്യു വെയ്ഡ് സഖ്യം ഇന്ത്യയില്‍ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 18-ാം ഓവറില്‍ മൂന്ന് സിക്‌സടക്കം 22 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ബൗണ്ടറിയയടക്കം 16 റണ്‍സും അടിച്ചെടുത്ത ഈ സഖ്യമാണ് കളി ഓസീസിന് അനുകൂലമാക്കി തിരിച്ചത്.

21 പന്തുകള്‍ നേരിട്ട വെയ്ഡ് രണ്ടു സിക്‌സും ആറ് ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. 14 പന്തുകള്‍ നേരിട്ട ടിം ഡേവിഡ് 18 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ മാത്രമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 30 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീനെറിഞ്ഞ അവസാന ഓവറിലെ അവസാന മൂന്ന് പന്തുകള്‍ സിക്‌സര്‍ പറത്തി ഹാര്‍ദിക്കാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. രാഹുല്‍ 35 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (11) പുറത്തായത്. പിന്നാലെ വിരാട് കോലി (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ - സൂര്യകുമാര്‍ സഖ്യം ഇന്ത്യയെ 100 കടത്തി. 68 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 12-ാം ഓവറില്‍ രാഹുലിനെ നഥാന്‍ എല്ലിസിന്റെ കൈയിലെത്തിച്ച് ജോഷ് ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 14-ാം ഓവറില്‍ സൂര്യകുമാറും മടങ്ങി. 25 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ ദിനേഷ് കാര്‍ത്തിക്കിനു മുമ്പ് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും കാര്യമായൊന്നും ചെയ്യാനായില്ല. ആറു റണ്‍സ് മാത്രമെടുത്ത താരത്തെ എല്ലിസാണ് പുറത്താക്കിയത്. തുടര്‍ന്ന് കാര്‍ത്തിക്കും (6) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസ് മൂന്നും ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റും വീഴ്ത്തി.

Content Highlights: India vs Australia 1st t20 at mohali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented