കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സീനിയര്‍ താരം മുഹമ്മദ് ഷമി നിരാശപ്പെടുത്തിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ടി. നടരാജനും യൂസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഓസീസിനെ വീഴ്ത്തിയത്. നാല് ഓവര്‍ എറിഞ്ഞ നടരാജന്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. 

ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ തലയ്ക്ക് പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ചാഹല്‍ കളത്തിലിറങ്ങിയത്.

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും മികച്ച തുടക്കമാണ് നല്‍കിയത്. 

ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 26 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ 12 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ചാഹല്‍ മടക്കി. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്മിത്ത് പുറത്തായത്. 

11-ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മടക്കി ടി. നടരാജന്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. നടരാജന്റെ ട്വന്റി 20 കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്.

നിലയുറപ്പിച്ചിരുന്ന ഡാര്‍സി ഷോര്‍ട്ടിനെയും നടരാജന്‍ പുറത്താക്കി. 38 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഷോര്‍ട്ട് 15-ാം ഓവറിലാണ് നടരാജനു മുന്നില്‍ വീണത്. മാത്യു വെയ്ഡ് (7) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 20 പന്തില്‍ 30 റണ്‍സെടുത്ത ഹെന്റിക്വസ് 18-ാം ഓവറില്‍ വീണതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 40 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 51 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 161-ല്‍ എത്തിച്ചത്. 23 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 44 റണ്‍സുമായി പുറത്താകാതെ നിന്നു.

രാഹുല്‍ നല്‍കിയ മികച്ച തുടക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി താരം സഞ്ജു സാംസണാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.

തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ (1) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ധവാന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

വൈകാതെ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെ നിലയുറപ്പിക്കാന്‍ പാടുപെട്ടു. എട്ടു പന്തുകള്‍ നേരിട്ട പാണ്ഡെ രണ്ടു റണ്‍സുമായി സാംപയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

അര്‍ധ സെഞ്ചുറി നേടിയ രാഹുലിനെ മടക്കി 14-ാം ഓവറില്‍ ഹെന്റിക്വസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ മത്സരത്തിലെ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 16 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്. 

ഓസ്‌ട്രേലിയക്കായി മോയസ് ഹെന്റിക്വസ് നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: India vs Australia 1st T20 at Canberra