സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യയെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്‌ട്രേലിയയ്ക്കായി ആദം സാംപയും ജോഷ് ഹെയ്‌സല്‍വുഡും മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ് 374 എന്ന വലിയ സ്‌കോര്‍ കണ്ടെത്തിയത്.
കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വെറും 4.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. ഓസിസ് പേസ് ബൗളിങ് നിരയെ ധവാനും മായങ്കും അനായാസം നേരിട്ടു.
എന്നാല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ഉടന്‍ തന്നെ മായങ്ക് ക്രീസ് വിട്ടു. ജോഷ് ഹെയ്‌സല്‍വുഡാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കോലിയെ പുറത്താക്കിയ ഹെയ്‌സല്‍വുഡ് അതേ ഓവറില്‍ തന്നെ പിന്നാലെയെത്തിയ ശ്രേയസ്സ് അയ്യരെയും (2) പുറത്താക്കി. ഇതോടെ 53 ന് പൂജ്യം എന്ന നിലയില്‍ നിന്നും 80 ന് മൂന്ന് എന്ന അവസ്ഥയിലേക്ക് ഇന്ത്യവീണു.
ശ്രേയസ്സിന് പകരം ക്രീസിലെത്തിയ രാഹുലിനും കാര്യമായൊന്നും ചെയ്യാനായില്ല. വെറും 12 റണ്‍സെടുത്ത താരത്തെ സാംപ പുറത്താക്കി. ഇതോടെ ഇന്ത്യ 101-ന് നാല് എന്ന ദയനീയ അവസ്ഥയിലായി.
എന്നാല്‍ മറുവശത്ത് മികച്ച ഫോമില്‍ കളിച്ച ധവാന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. രാഹുലിന് പകരമായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്യയെ കൂട്ടുപിടിച്ച് ധവാന്‍ സ്‌കോര്‍ 150 കടത്തി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്കുയര്‍ന്നു. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. അവിശ്വസനീയമായ രീതിയാണ് ധവാനും ഹാര്‍ദിക്കും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ സ്‌കോര്‍ 229-ല്‍ നില്‍ക്കെ സാംപ വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 35-ാം ഓവറിലെ മൂന്നാം പന്തില്‍ 86 പന്തുകളില്‍ നിന്നും 74 റണ്‍സെടുത്ത ധവാനെ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച് ഹെയ്‌സല്‍വുഡ് ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കി.
സാംപയുടെ അടുത്ത ഓവറില്‍ ഹാര്‍ദിക്കും പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അവസാനിച്ചു. 76 പന്തുകളില്‍ നിന്നും 90 റണ്‍സെടുത്ത ഹാര്‍ദിക്ക് കൂറ്റനടിയ്ക്ക് ശ്രമിച്ചാണ് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു. 37 പന്തുകളില്‍ നിന്നും 25 റണ്‍സെടുത്ത ജഡേജ ഒറ്റയ്ക്ക് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് വിഫലമായി. സ്‌കോര്‍ 281-ല്‍ നില്‍ക്കെ സാംപ ജഡേജയെ പുറത്താക്കി. 29 റണ്‍സെടുത്ത സെയ്‌നിയും റണ്‍സൊന്നും എടുക്കാതെ ബുംറയും പുറത്താവാതെ നിന്നു
ഓസ്‌ട്രേലിയയ്ക്കായി ആദം സാംപ നാലുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇന്ന് ഓസ്‌ട്രേലിയ നേടിയത്. ഫിഞ്ച് 114 റണ്‍സെടുത്തപ്പോള്‍ 66 പന്തുകളില്‍ നിന്നും സ്മിത്ത് 105 റൺസെടുത്തു.
ഫിഞ്ചും 76 പന്തുകളില്‍ നിന്നും 69 റണ്‍സെടുത്ത വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസിസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 156 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടയില്‍ ഓസിസിനായി അതിവേഗത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഫിഞ്ച് സ്വന്തമാക്കി.
എന്നാല്‍ വാര്‍ണറെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും നന്നായി ബാറ്റ് ചെയ്തതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചു. ഫിഞ്ചിനൊപ്പം ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് താരം കെട്ടിപ്പടുത്തു. 40-ാം ഓവറില്‍ ഫിഞ്ചിനെ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. തൊട്ടുപിന്നാലെ വന്ന സ്‌റ്റോയിനിസിനെ പൂജ്യനായി ചാഹല്‍ മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷകളുണര്‍ന്നു.
എന്നാല്‍ സ്റ്റോയിനിസ്സിന് ശേഷം ക്രീസിലെത്തിയ വെടിക്കെട്ട് താരം മാക്‌സ്വെല്‍ തലങ്ങും വിലങ്ങും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതാരം 19 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്തു. മാക്‌സ്വെല്ലിനെ പുറത്താക്കി ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. അപ്പോഴേക്കും സ്‌കോര്‍ 330 കടന്നിരുന്നു. മാക്‌സ്വെല്ലിന് പകരം ക്രീസിലെത്തിയ ലബുഷെയ്‌നിനെ സൈനി മടക്കിയതോടെ വീണ്ടും ഇന്ത്യ ഓസിസിന് ഇരട്ട പ്രഹരമേകി.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുംറ, സെയ്‌നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തത്സയം വിവരങ്ങൾ താഴെ വായിക്കാം..
Content Highlights: India vs Australia 1st ODI in Sydney