മുംബൈ: ലോകേഷ് രാഹുലിന്റെ സ്ഥിരതവേണോ അതല്ല ശിഖര്‍ ധവാന്റെ പരിചയസമ്പത്തുവേണോ? ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍, പ്രതിഭാധാരാളിത്തം സൃഷ്ടിച്ച സുഖകരമായൊരു തലവേദനയിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെ മികച്ച മൂന്ന് ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമില്‍. ഈ ധര്‍മസങ്കടത്തിന് ചൊവ്വാഴ്ച ഉത്തരമാകും. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ മുംബൈയില്‍.

തള്ളാനും കൊള്ളാനും വയ്യ

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. പ്രാഥമിക റൗണ്ടില്‍ ഓസ്ട്രേലിയയ്‌ക്കെതിരേ ശിഖര്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. ലോകകപ്പിനിടെ ധവാന് പരിക്കേറ്റപ്പോള്‍ ഓപ്പണറായി ലോകേഷ് രാഹുല്‍ വന്നു. ഇപ്പോള്‍ ഓപ്പണിങ്ങില്‍ ഉജ്ജ്വല ഫോമിലാണ് രാഹുല്‍.

പരിക്കുമാറിയ ശിഖര്‍ ധവാന്‍ ഈയിടെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ തിരിച്ചെത്തി. ആ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ ധവാനും രാഹുലും ഓപ്പണ്‍ ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായ രോഹിതിനെ മാറ്റിനിര്‍ത്താനാകില്ല. അപ്പോള്‍ ധവാന്‍, രാഹുല്‍ എന്നിവരിലൊരാള്‍ മാറേണ്ടിവരും എന്നാണ് വിലയിരുത്തല്‍.

ഭാവിയുടെ താരമായ രാഹുലിനെ മറ്റൊരു പൊസിഷനിലെങ്കിലും കളിപ്പിക്കണം എന്ന അഭിപ്രായവുമുണ്ട്. ഋഷഭ് പന്തിനുപകരം വിക്കറ്റ്കീപ്പര്‍ ഗ്ലൗ രാഹുലിനെ ഏല്‍പ്പിക്കുമോ എന്നതും കൗതുകകരമാണ്.

''രണ്ടിലൊരാള്‍ പുറത്തിരിക്കേണ്ടിവരും. അതൊരു പ്രശ്‌നമായി കാണുന്നില്ല'' - ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞാല്‍ കോലി, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ സ്ഥാനമുറപ്പിക്കുമ്പോള്‍ ആറാം നമ്പറില്‍ കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരില്‍നിന്ന് ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരും. രവീന്ദ്ര ജഡേജയെ കളിപ്പിച്ചാല്‍ പിന്നീട് ഒരു സ്പിന്നര്‍ക്ക് മാത്രമേ അവസരമുണ്ടാകൂ. കുല്‍ദീപ് യാദവിനാണ് കൂടുതല്‍ സാധ്യത.

കഴിഞ്ഞ ലോകകപ്പ് സെമിക്കുശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത ജസ്പ്രീത് ബുംറ ഈ ഫോര്‍മാറ്റിലേക്ക് ചൊവ്വാഴ്ച തിരിച്ചെത്തും. ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ടാം പേസറായി സ്ഥാനമുറപ്പിച്ചാല്‍ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവരിലൊരാള്‍ക്കേ അവസരം കിട്ടൂ. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയന്‍ ടീമില്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹേസല്‍വുഡ് എന്നീ പേസര്‍മാര്‍ നിര്‍ണായകമാകും. ടെസ്റ്റില്‍ അപാര ഫോമില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍ മാര്‍നസ് ലെബൂഷെയ്ന്‍ ഇവിടെ ഏകദിനത്തില്‍ അരങ്ങേറ്റംകുറിക്കാനൊരുങ്ങുന്നു.

Content Highlights: India vs Australia 1st ODI at Mumbai