മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശ്വാസമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. 

ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ പേശീവലിവ് അലട്ടിയ ജഡേജ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആദ്യ ടെസ്റ്റിലും കളിച്ചിരുന്നില്ല. ഇപ്പോള്‍ താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുത്ത ജഡേജ ഫിറ്റ്‌നസ് ടെസ്റ്റിലും പങ്കെടുത്തു.

ഇന്ത്യയ്ക്കായി 49 ടെസ്റ്റുകള്‍ കളിച്ച ജഡേജ 213 വിക്കറ്റുകളും 1869 റണ്‍സും നേടിയിട്ടുണ്ട്. ഓസീസിനെതിരേ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ജഡേജ.

അതേസമയം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയിലേക്ക് തിരിച്ചതും ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി പരമ്പരയില്‍ നിന്ന് പുറത്തായതും കാരണം ഏതാനും മാറ്റങ്ങളോടെയാകും ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുക.

നിശ്ചിത ഓവര്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടി. നടരാജന്‍, ഷമിക്ക് പകരം ടീമിലെത്തിയേക്കുമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച നെറ്റ്‌സില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും കോച്ച് രവി ശാസ്ത്രിയുടെയും നേതൃത്വത്തില്‍ നടരാജന്‍ ദീര്‍ഘ നേരം പന്തെറിഞ്ഞിരുന്നു.

ജഡേജയെ ടീമിലെടുക്കുമ്പോള്‍ ആരെ മാറ്റിനിര്‍ത്തും എന്നതാണ് ടീം നേരിടുന്ന പ്രതിസന്ധി. ആദ്യ മത്സരത്തില്‍ തിളങ്ങിയ ആര്‍. അശ്വിനെ മാറ്റിനിര്‍ത്താന്‍ സാധ്യത കുറവാണ്. പിന്നീടുള്ളത് ഹനുമ വിഹാരിയാണ്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന വിഹാരിയെ രണ്ടാം ടെസ്റ്റില്‍ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്ന കാര്യം കണ്ടറിയണം.

ഇതിനൊപ്പം ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലെത്താനും സാധ്യതയുണ്ട്.

Content Highlights: India vs Asutralia Jadeja put through fitness test