ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്ന അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായെ ശിഖര്‍ ധവാന്റെയും മുരളി വിജയുടെയും സെഞ്ച്വറിയും ലോകേഷ് രാഹുലിന്റെ അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങിയത്.  

ഒന്നാം വിക്കറ്റില്‍ ധവാനും വിജയും ചേര്‍ന്ന് മിന്നും തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 168 റണ്‍സില്‍ നില്‍ക്കെയാണ് 96 പന്തില്‍ നിന്ന് 107 റണ്‍സെടുത്ത ധവാന്‍ മടങ്ങിയത്. പിന്നാലെയെത്തിയ രാഹുല്‍ വിജയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ അനായാസം റണ്‍സ് കണ്ടെത്തി. 153 പന്തില്‍ നിന്ന് 105 റണ്‍സാണ് വിജയ് നേടിയത്. രാഹുല്‍ 54 റണ്‍സെടുത്തും പുറത്തായി. 

ആദ്യ ദിവസത്തെ അവസാന ഓവറുകളില്‍ ചേതേശ്വര്‍ പൂജാര (52 പന്തില്‍ 35), അജിന്‍ക്യാ രഹാനെ (45 പന്തില്‍ 10), ദിനേശ് കാര്‍ത്തിക് (22 പന്തില്‍ 4) എന്നിവരെ പെട്ടെന്ന് പുറത്താക്കി കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ അഫ്ഗാന് സാധിച്ചു. ഹര്‍ദ്ദിക്ക് പാണ്ഡ്യ (21 പന്തില്‍ 10), രവിചന്ദ്രന്‍ അശ്വന്‍ (16 പന്തില്‍ 7) എന്നിവരാണ് ക്രീസില്‍. അഫ്ഗാനായി യാമിന്‍ അഹമ്മദ്‌സി രണ്ടും വഫാദാര്‍, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: India vs Afghanistan,  India Win Toss, Opt To Bat