ദുബായ്: ഏഷ്യാ കപ്പില്‍ നിന്ന് അഫ്ഗാനിസ്താന്‍ തലയയുര്‍ത്തി മടങ്ങി. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചാണ് അഫ്ഗാന്‍ ഏഷ്യാ കപ്പിലെ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കിയത്. അഫ്ഗാനെ സംബന്ധിച്ച് വിജയത്തോളം പോന്ന സമനിലയായിരുന്നു അത്. സ്‌കോര്‍: സ്‌കോര്‍: അഫ്ഗാനിസ്താന്‍ 50 ഓവറില്‍ എട്ടിന് 252. ഇന്ത്യ49.5 ഓവറില്‍ 252 റണ്‍സിന് പുറത്ത്.

അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാന് സ്വപ്‌ന നേട്ടം സമ്മാനിച്ചു. ഒരു സമയത്ത് വിജയം മുന്നില്‍ കണ്ട അഫ്ഗാന്റെ ആധിപത്യത്തിന് മുന്നില്‍ അടിപതറാതെ 34 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയ്ക്ക് പക്ഷേ അവസാന ഷോട്ടില്‍ റാഷിദിന് മുന്നില്‍ പിഴയ്ക്കുകയായിരുന്നു. ഒരു റണ്ണുമായി ഖലീല്‍ അഹമ്മദ് പുറത്താകാതെ നിന്നു.

253 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണിങ് വിക്കറ്റില്‍ തന്നെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. 

110 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. തൊട്ടുപിന്നാലെ 49 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത റായിഡുവിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മുഹമ്മദ് നബിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച റായിഡുവിനെ ബൗണ്ടറിക്കടുത്ത് നജീബുള്ള പിടികൂടുകയായിരുന്നു. റായിഡു പുറത്തായതിനു പിന്നാലെ രാഹുലും അര്‍ധ സെഞ്ചുറി തികച്ചു. 60 റണ്‍സടിച്ച രാഹുല്‍, റാഷിദിനെ റിവേഴ്സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിനിടെ പുറത്തായതോടെ അഫ്ഗാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു, ഇന്ത്യയെ വരിഞ്ഞു മുറുക്കി. 

ഒരറ്റത്ത് ദിനേശ് കാര്‍ത്തിക് പിടിച്ച് നിന്നപ്പോള്‍ പിന്നീടെത്തിയവര്‍ പൊരുതുക പോലും ചെയ്യാതെ കൂടാരം കയറി. നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച് വന്ന ധോനിയെ ജാവേദ് അഹ്മദി വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇത് വിക്കറ്റല്ലെന്ന് റിപ്ലെകളില്‍ തെളിഞ്ഞെങ്കിലും ഇന്ത്യക്ക് റിവ്യുകള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ജയപ്രതീക്ഷ വര്‍ധിച്ച അഫ്ഗാന്‍ സ്പിന്‍ ബൗളര്‍മാരെ നിയോഗിച്ച് ഇന്ത്യയുടെ സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.

ഇതിനിടെ മനീഷ് പാണ്ഡെയും (8 റണ്‍സ്) പുറത്തായതോടെ പ്രതീക്ഷകളെല്ലാം ദിനേശ് കാര്‍ത്തിക്കിലായി. എന്നാല്‍, 44 റണ്‍സെടുത്ത കാര്‍ത്തിക്കിനെ നബി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ മത്സരം കൂടുതല്‍ ആവേശത്തിലെത്തി. നിര്‍ഭാഗ്യകരമായ റണ്‍ഔട്ടിലൂടെ കേദര്‍ ജാദവും കൂടെ ക്രീസ് വിട്ടതോടെ അഫ്ഗാന്‍ വിജയത്തോട് അടുത്തു. 

എന്നാല്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ കളി നിയന്ത്രിച്ചതോടെ വീണ്ടും ഇന്ത്യക്കായി മുന്‍തൂക്കം. ഫീല്‍ഡിങ്ങില്‍ മികച്ചുനിന്ന അഫ്ഗാന്‍ കുല്‍ദീപിനെയും പിന്നീടെത്തിയ സിത്ഥാര്‍ഥ് കൗളിനെയും റണ്‍ഔട്ടിലൂടെ പുറത്താക്കിയതോടെ ആവേശം ഇരട്ടിയായി. കുല്‍ദീപ് യാദവ് ഒമ്പത് റണ്‍സിനും കൗള്‍ അക്കൗണ്ട് തുറക്കും മുമ്പുമാണ് പുറത്തായത്. 

അവസാന ഓവറില്‍ രണ്ടാം പന്തില്‍ ജഡജേ റാഷിദിനെ ഫോര്‍ അടിച്ചതോടെ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷയായി. കളി ഇന്ത്യയുടെ വഴിയെയെന്ന് ആരാധകര്‍ക്ക് തോന്നി. തൊട്ടടുത്ത പന്തില്‍ ജഡേജ സിംഗിളെടുത്ത് ഖലീലിന് സ്‌ട്രൈക്ക് കൈമാറി. നാലാം പന്തില്‍ വിക്കറ്റ് കാത്ത് ഖലീല്‍ ഒരു റണ്‍ നേടി. ഇതോടെ മത്സരം സമനിലയിലായി. അവസാന രണ്ട് പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍ എന്ന അവസ്ഥയിലെത്തി. ക്രീസിലുണ്ടായിരുന്ന ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറക്കുമെന്ന് കരുതിയിരുന്ന ആരാധകരെ ഞെട്ടിച്ച്് റാഷിദിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജഡേജ പുറത്തായി. അഫ്ഗാന് വേണ്ടി അഫ്താബ് ആലം, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

shehzad

ഷെഹ്‌സാദിന് സെഞ്ചുറി

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത അഫ്ഗാന്‍ സെഞ്ചുറി നേടിയ  മുഹമ്മദ് ഷെഹ്‌സാദിന്റെയും (124) അര്‍ധസെഞ്ചുറി നേടിയ  മുഹമ്മദ് നബിയുടെയും (64) മികവിലാണ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആഞ്ഞടിച്ച  ഷെഹ്‌സാദാണ് അഫ്ഗാന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചത്.  ഷെഹ്‌സാദിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഷെഹ്‌സാദ് ക്രീസില്‍ ഉറച്ചു നിന്ന് സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചുതകര്‍ത്തു. 88 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഷെഹ്‌സാദ് 116 പന്തുകളില്‍ നിന്ന് 124 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഷെഹ്‌സാദിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

അഞ്ചാം വിക്കറ്റില്‍ ഗുല്‍ബാദിന്‍ നൈബിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഷെഹ്‌സാദ് അഫ്ഗാന്‍ സ്‌കോര്‍ 100 കടത്തി. പിന്നാലെ ഗുല്‍ബാദിന്‍ പുറത്തായി. തുടര്‍ന്നും തകര്‍ത്തടിച്ച് മുന്നേറിയ ഷെഹ്‌സാദിനെ ഒടുവില്‍ കേദാര്‍ ജാദവ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. 

എന്നാല്‍ മധ്യനിര തകര്‍ന്ന അഫ്ഗാനെ ഷെഹ്‌സാദിന്റെ വിക്കറ്റ് വീണ ശേഷം മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് 64 റണ്‍സെടുത്ത മുഹമ്മദ് നബിയാണ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. ഗുല്‍ബാദിന്‍ നൈബിനെ പുറത്താക്കിയ ഇന്ത്യയുടെ ദീപക് ചാഹര്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി.

Content Highlights: India vs Afghanistan Asia Cup match ends in a thrilling tie