ബെംഗളൂരു: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെടുത്തിട്ടുണ്ട്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത്. 

38 റണ്‍സെടുത്ത എല്‍ഗാറും 85 റണ്‍സെടുത്ത എബി ഡിവില്ല്യേഴ്‌സുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തു നിന്നത്.

എല്‍ഗാറിനെയും ഡീവില്ല്യേഴ്‌സിനെയും രവീന്ദ്ര ജഡേജ മടക്കി. ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം അഞ്ചാക്കി ചുരുക്കി ഒരു പേസറെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും പേസര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നതായിരുന്നില്ല ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച്. 

 

De Villiers

എന്നാല്‍, പേസ് ബൗളര്‍മാര്‍ക്ക് പകരം സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. കേവലം രണ്ടു സെഷനുകള്‍ കൊണ്ടാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഓള്‍ ഔട്ടാക്കിയത്. ബാറ്റിങ് തകര്‍ച്ചക്കിടയിലും ഇന്ത്യയില്‍ കളിക്കുക അത്ര ശ്രമകരമല്ലെന്ന സന്ദേശം നല്‍കി 85 റണ്‍സെടുത്ത എബി ഡീവില്ല്യേഴ്‌സ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ വേറിട്ടുനിന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ അശ്വിനും ജഡേജയും നാല് വീതം വിക്കറ്റുകളെടുത്തു. വരുണ്‍ ആരോണിനാണ് ഒരു വിക്കറ്റ്. കെയ്ല്‍ ആബട്ട് റണ്ണൗട്ടാവുകയായിരുന്നു.