ഋഷികേശ് കനിത്കർ| ഇന്ത്യൻ ടീമിന്റെ വിജയാഹ്ലാദം I Photo: BCCI
1998 ജനുവരി പതിനെട്ടിന് ബംഗ്ലാദേശില്‍ നടന്ന ഇന്ത്യ-പാകിസ്താൻ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ മഹാരാഷ്ട്രക്കാരനായ ഋഷികേശ് കനിത്കറെന്ന ഇടംകൈയന്‍ ബാറ്റ്സ്മാന്റെ വിജയ ബൗണ്ടറി ക്രിക്കറ്റ് ആരാധകര്‍ ആരും മറന്നിട്ടുണ്ടാകില്ല. ബെസ്റ്റ് ഓഫ് ത്രീയിലെ ആദ്യ ഫൈനലില്‍ ഇന്ത്യയും രണ്ടാം ഫൈനലില്‍ പാകിസ്താനും വിജയിച്ചു. നിര്‍ണായകമായ മൂന്നാം കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് മൂന്നു റണ്‍സായിരുന്നു. അഞ്ചാം പന്ത് ഫോറിന് പറത്തി 24-കാരനായ കനിത്കര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ആ കനിത്കറാണ് അണ്ടര്‍-19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിച്ചത്. ഇപ്പോള്‍ 47 വയസ്സുള്ള കനിത്കറിന്റെ കരിയറില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ് ഈ ലോകകപ്പ് വിജയം. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോള്‍ ബാറ്റിങ് കോച്ചായി കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ടീമിനൊപ്പം കനിത്കറുണ്ടായിരുന്നു. ഡിസംബറിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്.
15 ടൂര്‍ണമെന്റുകളിലായി ഒമ്പത് ഫൈനല്‍ കളിക്കുകയും അഞ്ച് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്. പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇത്തവണ ഇന്ത്യന്‍ മുന്നേറ്റം. കോവിഡ് ബാധിച്ചതിനാല്‍ ക്യാപ്റ്റന്‍ യഷ് ദൂലിനും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളില്‍ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്റ്റനെയാണ്.
എന്നാല്‍, തിരിച്ചുവന്ന ദൂല്‍ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. സെമിഫൈനലില്‍ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlights: India U 19 Coach Hrishikesh Kanitkar Hero of indias world cup victory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..