മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ വിജയിച്ചതായാണ് താന്‍ കരുതുന്നതെന്ന് ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഭാവിയില്‍ നടക്കുമോ എന്നത് അറിയില്ലെന്നും രോഹിത് വ്യക്തമാക്കി. 

അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കെയാണ് കോവിഡ് വില്ലനായത്‌. ആദ്യ ടെസ്റ്റ് സമനില ആയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന് വിജയിച്ചു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് കണ്ടു. ഇന്നിങ്‌സിനും 76 റണ്‍സിനും ആതിഥേയര്‍ വിജയിച്ചു. നാലാം ടെസ്റ്റില്‍ 157 റണ്‍സിന് വിജയിച്ച് ഇന്ത്യ 2-1ന്റെ ലീഡെടുത്തു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് നടന്നില്ല.   ഇതോടെ പരമ്പരയുടെ മത്സരഫലവുമില്ലാതെയായി. 

പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രോഹിത് ശര്‍മയാണ്. നാല് ടെസ്റ്റില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 368 റണ്‍സ് നേടി. ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ രോഹിതിന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

Content Highlights: India tour of England In my eyes, we won the Test series 2-1 says Rohit Sharma