ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഏകദിന-ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുക.

എ.എന്‍.ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കെയാണ് ഇന്ത്യ പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. 

നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കും. എന്നാല്‍ ട്വന്റി 20 മത്സരങ്ങള്‍ പിന്നീട് നടത്തുമെന്ന് ജയ് ഷാ അറിയിച്ചു.  മൂന്ന് ഏകദിനങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും നാല് ട്വന്റി 20 മത്സരങ്ങളുമാണ് നേരത്തേ തീരുമാനിച്ച പ്രകാരം നടക്കേണ്ടിയിരുന്നത്.

' ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യ പുറപ്പെടും. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുണ്ടാകുക. ശേഷിക്കുന്ന ട്വന്റി 20 മത്സരങ്ങള്‍ പിന്നീട് നടക്കും' -ജയ് ഷാ പറഞ്ഞു. 

ഡിസംബര്‍ 17 മുതല്‍ ജനുവരി ഏഴ് വരെ ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. ജനുവരി 11 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇത് ജനുവരി 16 ന് അവസാനിക്കും. 

Content Highlights: India to tour SA for three Tests, three ODIS, T20Is to be played later says Jay Shah