ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന സമയത്ത് ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കൊരുങ്ങി ബി.സി.സി.ഐ.

ഇംഗ്ലണ്ട് പരമ്പരയുടെ സമയത്ത് ഇന്ത്യയുടെ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളടങ്ങുന്ന ടീം ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന പരമ്പര കളിക്കുമെന്ന് ബി.സി.സി.ഐ പ്രസിന്റ് സൗരവ് ഗാംഗുലി.

ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടക്കമുള്ള പ്രമുഖരാരും തന്നെ ഈ പരമ്പരയ്ക്കുണ്ടാകില്ല. ടെസ്റ്റ് ടീമില്‍ ഇടംലഭിക്കാതെ പോയവര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയാകും പരമ്പര. 

''ജൂലായില്‍ സീനിയര്‍ പുരുഷ ടീമിനായി ട്വന്റി 20-യും ഏകദിനങ്ങളും അടങ്ങുന്ന ശ്രീലങ്കയില്‍ ഒരു വൈറ്റ് ബോള്‍ സീരീസ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു ടീമായിരിക്കും അത്. തീര്‍ത്തും വ്യത്യസ്തമായ ഒരു ടീമായിരിക്കും അത്. ഇംഗ്ലണ്ട് ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ട ആരും തന്നെ ഈ ടീമില്‍ ഉണ്ടാകില്ല.'' - ഗാംഗുലി പി.ടി.ഐയോട് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടാതെ പോയവരാണ്. ഇവര്‍ക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ അവസരം ലഭിച്ചേക്കും.

Content Highlights: India to play three ODIs and five T20Is in Sri Lanka says Sourav Ganguly