കൊല്‍ക്കത്ത: പകല്‍-രാത്രി ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഒരുങ്ങുന്നു. നവംബര്‍ 22-ന് തുടങ്ങുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും മത്സരം. 

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ബംഗ്ലാദേശ് ടീം മാനേജ്മെന്റ് ആദ്യം ഈ നിര്‍ദേശത്തെ എതിര്‍ത്തെങ്കിലും ചര്‍ച്ചകള്‍ക്കുശേഷം പകല്‍-രാത്രി മത്സരത്തിന് തയ്യാറായെന്ന് ഗാംഗുലി പറഞ്ഞു. 

ഇന്ത്യന്‍ താരങ്ങളും നേരത്തേ പകല്‍-രാത്രി ടെസ്റ്റിന് എതിരായിരുന്നു. ഇപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റിന് തയ്യാറായതില്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് നന്ദിയുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2015 നവംബറില്‍ ഡേ-നൈറ്റ് ടെസ്റ്റിന് ഐ.സി.സി അനുമതി നല്‍കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇത് ആദ്യമാണ്. 

Content Highlights: India to host 1st ever day-night Test in Kolkata