2015-ലായിരുന്നു ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ്. അഡ്ലെയ്ഡില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് ജയിച്ചു. തുടക്കത്തില്‍ ഇന്ത്യ ഡേ- നൈറ്റ് ടെസ്റ്റിന് അനുകൂലമായിരുന്നില്ല. കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഡേ- നൈറ്റ് മത്സരം കളിക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബോര്‍ഡ് എതിര്‍ത്തതോടെ മത്സരം നടന്നില്ല.

സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റായതോടെയാണ് ഇന്ത്യ സമ്മതം മൂളിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാലറിയില്‍ കാണികള്‍ കുറഞ്ഞതും ഇന്ത്യന്‍ ബോര്‍ഡിന്റെ തീരുമാനത്തെ സ്വാധീനിച്ചു.

പകല്‍-രാത്രി ടെസ്റ്റുകളില്‍ കൂടുതല്‍ ആരാധകര്‍ ഗാലറിയിലെത്തുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദുലീപ് ട്രോഫി ഡേ- നൈറ്റിലായിരുന്നു നടന്നത്.

India test the contours ahead of pink-ball Test
Image Courtesy: Getty Images

പിങ്ക് ബോള്‍

സാധാരണയായി ക്രിക്കറ്റില്‍ ചുവപ്പ്, വെള്ള പന്തുകളായിരുന്നു ഉപയോഗിക്കുന്നത്. വെള്ളപ്പന്തുകള്‍ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും ചുവന്ന പന്തുകള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കും. എന്നാല്‍, പകല്‍ - രാത്രി ടെസ്റ്റിന് പിങ്ക് പന്തുകളാണ് ഉപയോഗിക്കുക. പന്തിന്റെ തൂക്കം 155.9 ഗ്രാമില്‍ കുറയാനോ 163 ഗ്രാമില്‍ കൂടാനോ പാടില്ല.

എന്തുകൊണ്ട് പിങ്ക്

2006-ല്‍ എം.സി.സി.യുടെ ഒരു ചാരിറ്റി മത്സരത്തിനായിരുന്നു ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിച്ചത്. കുക്കബുറ എന്ന ബ്രാന്‍ഡായിരുന്നു മത്സരത്തിന് പന്ത് നിര്‍മിച്ചത്. ക്രിക്കറ്റിന്റെ നിയമസൂക്ഷിപ്പുകാരായ എം.സി.സി. കുക്കബുറയോട് ഡേ - നൈറ്റ് ടെസ്റ്റിന് വേണ്ടിയുള്ള കൂടുതല്‍ പന്തുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. തുടക്കത്തില്‍ മഞ്ഞ, ഫ്‌ളൂറസെന്റ് ഓറഞ്ച് എന്നീ പന്തുകളും പരീക്ഷിച്ചു. എന്നാല്‍, രാത്രി വെളിച്ചത്തില്‍ ബാറ്റ്സ്മാന്‍മാര്‍ക്കും ടെലിവിഷന്‍ സംപ്രേഷണത്തിനും കൂടുതല്‍ സഹായകരം പിങ്ക് ബോളാണെന്ന് കണ്ടെത്തി. പിങ്കിന്റെ 16 തരത്തിലുള്ള നിറഭേദങ്ങളും പരീക്ഷിച്ചു. പച്ച നിറത്തിലുള്ള സ്റ്റിച്ചാണ് പന്തില്‍ ഉപയോഗിക്കുക. കറുപ്പ്, വെള്ള സ്റ്റിച്ചുകളും പരീക്ഷിച്ചിരുന്നു. എന്നാല്‍, പച്ചയാണ് കൂടുതല്‍ ഉചിതമെന്ന് കണ്ടെത്തി.

India test the contours ahead of pink-ball Test
Image Courtesy: Getty Images

സ്വഭാവം

ചുവന്ന പന്തില്‍നിന്ന് കാര്യമായ മാറ്റമില്ല പിങ്കിന്. ബൗണ്‍സ്, പേസ്, കാഠിന്യം എന്നിവയെല്ലാം ഒരുപോലെ. പന്തിന് പിങ്ക് നിറം നിലനില്‍ക്കാന്‍ വേണ്ടി ചേര്‍ത്ത ഫിലിം നേരിയ മാറ്റം വരുത്തുന്നുണ്ട്. 80 ഓവറുകള്‍ക്ക് ശേഷമാണ് ടെസ്റ്റില്‍ പന്ത് മാറ്റുന്നത്. ഇത്രയും ദൈര്‍ഘ്യം പിങ്കിന് കിട്ടുമോ എന്ന കാര്യം സംശയമാണ്. കൊല്‍ക്കത്തയിലെ മഞ്ഞ് വീഴ്ച പന്തിനെ ബാധിക്കുമെന്നാണ് വിലയിരുത്തുലുകള്‍.

പന്ത് നിര്‍മിക്കാന്‍ എസ്.ജി

എസ്.ജിയാണ് ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് പന്ത് നിര്‍മിച്ച് നല്‍കുന്നത്. 72 പുതിയ പന്തുകളാണ് ബിസിസിഐ എസ്.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.ജി പന്തുകള്‍ ഉപയോഗിച്ചാണ് താരങ്ങളുടെ ഇപ്പോഴത്തെ പരിശീലനം.

Content Highlights: India test the contours ahead of pink-ball Test