ഹാമില്‍ട്ടണ്‍:  ന്യൂസീലന്‍ഡ് ഇലവനെതിരായ ത്രിദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 263 റണ്‍സിനെതിരേ ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഇലവന്‍ 235 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാമിന്നിങ്‌സില്‍ മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 59 റണ്‍സെടുത്തു. പത്ത് വിക്കറ്റ് കൈയിലിരിക്കേ 87 റണ്‍സിന്റെ ലീഡായി ഇന്ത്യയ്ക്ക്. പൃഥ്വി ഷായും (35), മായങ്ക് അഗര്‍വാളുമാണ് (23) പുറത്താവാതെ നില്‍ക്കുന്നത്.

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞതോടെയാണ് കിവീസ് ഇലവന്‍ തകര്‍ന്നത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്ത് ബൗളിങ് നിരയെ നയിച്ചു. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്. രവിചന്ദ്രന്‍ അശ്വിനാണ് ശേഷിക്കുന്ന വിക്കറ്റ്.

40 റണ്‍സെടുത്ത ഹെന്റി കൂപ്പറാണ് കിവീസ് ബാറ്റിങ്ങില്‍ ടോപ്‌സ്‌കോറര്‍. രചിന്‍ രവീന്ദ്ര (34), ക്യാപ്റ്റന്‍ ഡാരില്‍ മിച്ചല്‍ (32), ടോം ബ്രൂസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

Content Highlights: India Takes first innings lead against Newzland eleven