ന്യൂഡല്‍ഹി: തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ശ്രീലങ്ക അവിശ്വസനീയമായി ചെറുത്തുനിന്നതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കി (1-0). ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണ്.

രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ 410 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ഒന്നാന്തരമായി ചെറുത്തിനിന്ന് തോല്‍വി ഒഴിവാക്കുകയായിരുന്നു. 299 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് മാത്രമാണ് അവര്‍ കളഞ്ഞുകുളിച്ചത്. 103 ഓവറിനുശേഷം ഇരു ടീമുകളും സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അവസാന ദിനം ധനഞ്ജയ് ഡിസില്‍വ നടത്തിയ ഉജ്വലമായ ചെറുത്തുനില്‍പാണ് ഇന്ത്യയ്ക്ക് ജയം അന്യമാക്കിയത്. 119 റണ്‍സെടുത്ത ഡിസില്‍വ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഒരുവേള ഇന്ത്യ ജയിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഡിസില്‍വയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട റോഷന്‍ സില്‍വ 74 ഉം ഡിക്ക്‌വെല്ല 44 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ സഖ്യമാണ് ഇന്ത്യയില്‍ നിന്ന് ജയം തട്ടിയകറ്റിയത്.