മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഫിക്‌സ്ച്ചര്‍ തയ്യാറായി. മൂന്നു വീതം ട്വന്റി-20യും ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജൂലൈ 13-ന് ഏകദിന മത്സരത്തോടെ പരമ്പര തുടങ്ങും. ജൂലൈ 16,19 തിയ്യതികളില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ നടക്കും.  ജൂലൈ 22-ന് ട്വന്റി-20 പരമ്പര ആരംഭിക്കും. ജൂലൈ 24,27 തിയ്യതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നടക്കുന്നതിനാല്‍ ഇന്ത്യയുടെ രണ്ടാം നിര ടീമാകും ശ്രീലങ്കയിലേക്ക് വിമാനം കയറുക. ഇതോടെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവു തെളിയിച്ച യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 

ഏകദിന, ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതായിരിക്കും പര്യടനത്തിനായി തിരഞ്ഞെടുക്കുന്ന ടീമില്‍ കളിക്കുകയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നു. ജൂലൈ മാസത്തില്‍ മറ്റു ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യന്‍ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുന്നതില്‍ തടസ്സങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി. 

വിരാട് കോലിയുടെ അഭാവത്തില്‍ ആരായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റനാകുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, യുവതാരങ്ങളായ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നതാകും ടീം.

Content Highlights: India Sri Lanka Tour Cricket Series