മുംബൈ: ഇന്ത്യയുടെ ഇടംകൈയ്യന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് പരിക്കില്‍ നിന്നും പൂര്‍ണ മോചിതനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. അതിന്റെ ഭാഗമായി കുല്‍ദീപ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു.

കുല്‍ദീപ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കുല്‍ദീപിന് 2021 ഐ.പി.എല്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ കുല്‍ദീപിന് പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റത്. ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ തന്നെ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് കുല്‍ദീപ്. 

കുല്‍ദീപിന് പകരം വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയുടെ സ്പിന്‍ ബൗളിങ്ങിനെ നയിച്ചത്. ഈ വര്‍ഷം നടന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് കുല്‍ദീപ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. പക്ഷേ പരിക്കിനെത്തുടര്‍ന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 

Content Highlights: India spinner Kuldeep Yadav begins training to return to full fitness