സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറിയ ഇന്ത്യ ക്യാപ്റ്റന്‍ കോലിയുടെ കരുത്തില്‍ തിരിച്ചുകയറുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു നില്‍ക്കുകയാണ് സന്ദര്‍ശകര്‍. അഞ്ച് വിക്കറ്റ് കൂടി കൈയിലുള്ള ഇന്ത്യ ആതിഥേയരേക്കാള്‍ 152 റണ്‍സ് പിറകിലാണ്.

മുരളി വിജയ് (46), കെ.എല്‍. രാഹുല്‍ (10), ചേതേശ്വര്‍ പൂജാര (0), രോഹിത് ശര്‍മ (10), പാര്‍ഥിവ് പട്ടേല്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിരാട് കോലിയും (85) ഹര്‍ദിക് പാണ്ഡ്യയുമാണ് (11) ക്രീസില്‍.

ഇന്ത്യ 28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങിനില്‍ക്കുമ്പോഴാണ് കോലി നങ്കൂരവേഷമണിഞ്ഞിറങ്ങിയത്. ആദ്യം മുരളി വിജയ്ക്കും പിന്നീട് പാര്‍ഥിവ് പട്ടേലിനും ഇപ്പോള്‍ ഹര്‍ദിക് പാണഡ്യയ്ക്കുമൊപ്പം ചെറുത്തുനിന്ന കോലി 130 പന്തില്‍ നിന്നാണ് 85 റണ്‍സെടുത്തത്. എട്ട് ബൗണ്ടറി അടങ്ങുന്നതാണ് ആ ഇന്നിങ്‌സ്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മഹാരാജും മോര്‍ക്കലും റബാഡയും എന്‍ഗിഡിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്ത് രണ്ടാം ദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ അവര്‍ ഓള്‍ഔട്ടായി.

 കെ.എ. മഹാരാജ് (18), റബാഡ (11), മികച്ച രീതിയില്‍ പ്രതിരോധിച്ചുവരികയായിരുന്നു ക്യാപ്റ്റന്‍ ഡു പ്ലെസി (63), മോര്‍ണി മോര്‍ക്കല്‍ (6) എന്നിവരാണ് രണ്ടാംദിനം പുറത്തായത്. വീണ നാലു വിക്കറ്റില്‍ രണ്ടെണ്ണും ഇഷാന്തും ഒന്ന് അശ്വിനും ഒരെണ്ണം ഷമിയും സ്വന്തമാക്കി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ നാലു പേരെ മടക്കിയ അശ്വിനാണ് മുന്നില്‍. ഇഷാന്ത് മൂന്നും ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 94 റണ്‍സെടുത്ത ഐഡന്‍ മര്‍ക്രാമാണ് ടോപ്‌സ്‌കോറര്‍. എയ്ഡന്റെ അഞ്ചാം ടെസ്റ്റാണിത്. റണ്ണൗട്ടായ ആംല 82 റണ്‍സെടുത്തു.

Content Highlights: India SouthAfrica Second Test Faf du Plessis Ashwin Ishant Sharma