റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വമ്പന്‍ സ്‌കോറിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെയുള്ള തുടക്കം. ഒന്നാമിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്‌ക്കെതിരേ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെടുത്തുനില്‍ക്കുകയാണ് അവര്‍.

എട്ടു പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത ഫാഫ് ഡുപ്ലെസിയും റണ്ണൊന്നുമെടുക്കാതെ സുബൈര്‍ ഹംസയുമാണ് ക്രീസില്‍.

റണ്ണൊന്നുമെടുക്കാത്ത ഡീന്‍ എഡ്ഗാറും നാലു റണ്‍ മാത്രമെടുത്ത ക്വിന്റണ്‍ ഡി കോക്കുമാണ് പുറത്തായ ബാറ്റ്സ്മാന്മാർ. എഡ്ഗാറിനെ ഷമിയും ഡി കോക്കിനെ ഉമേഷ് യാദവുമാണ് മടക്കിയത്. രണ്ടുപേരെയും വിക്കറ്റിന് പിറകില്‍ സാഹയാണ് പിടിച്ച് പുറത്താക്കിയത്.
 
ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്ത ഇന്ത്യ 273 റണ്‍സ് കൂടി ചേര്‍ത്താണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഇരട്ട സെഞ്ചുറി നേടിയ രോഹിതിന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഹൈലൈറ്റ്. 255 പന്തില്‍ നിന്ന് 212 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ടെസ്റ്റില്‍ രോഹിതിന്റെ ആദ്യ ഡബിള്‍ സെഞ്ചുറിയാണിത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. 2013ല്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 177 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആറ് സിക്സറിന്റെയും 28 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് രോഹിത് 212 റണ്‍സ് നേടിയത്.

രഹാനെയുടെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 192 പന്തില്‍ നിന്നാണ് 115 റണ്‍സ് നേടിയത്. ഒരു സിക്സറും 17 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്സ്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് ചേര്‍ത്തത്. മൂന്നിന് 39 എന്ന സ്‌കോറില്‍ പരുങ്ങിയ ഇന്ത്യന്‍ ഇന്നിങ്സിന് രണ്ടാം ജന്മം നല്‍കിയത് ഈയൊരു കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 306ല്‍ നില്‍ക്കെ രഹാനെയാണ് ആദ്യം മടങ്ങിയത്. ലിന്‍ഡെയുടെ പന്തില്‍ കീപ്പര്‍ ക്ലാസ്സന്‍ പിടികൂടുകയായിരുന്നു. പത്ത് ടീം സ്‌കോറില്‍ ചേര്‍ക്കുന്നതിനിടെ രോഹിതും മടങ്ങി. റബാഡയാണ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ 51 ഉം വൃദ്ധിമാന്‍ സാഹ 24 ഉം വാലറ്റത്ത് ഉമേഷ് യാദവ് 31 ഉം റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റില്‍ ഏറ്റവും കൂടുല്‍ വേഗത്തില്‍ 30 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായിരിക്കുകയാണ് ഇതോടെ ഉമേഷ് യാദവ്. മുഹമ്മദ് ഷമിയും നദീമും പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജോര്‍ജ് ലിന്‍ഡെ നാലും റബാഡ മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlights: India South Africa Third Test