രാജ്‌കോട്ട്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് അസ്വസ്ഥമായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യക്ക് അല്‍പ്പം ആശ്വാസമുണ്ട്. പരമ്പര 1-1 തുല്യനിലയിലാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ചെറിയ ടോട്ടലില്‍ പുറത്തായിട്ടും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രാജ്‌കോട്ടിലെ പിച്ചില്‍ റണ്‍സ് ഒഴുകും എന്നാണ് പ്രതീക്ഷ. പകല്‍-രാത്രി മത്സരം ഉച്ചയ്ക്ക് 1.30-ന് തുടങ്ങും.

ആര്‍. അശ്വിന്‍ പരിക്കേറ്റ് പുറത്തായതുകൊണ്ടുമാത്രമാണ് ഹര്‍ഭജന്‍ സിങ്ങിന് രണ്ടാം ഏകദിനത്തില്‍ കളിക്കാന്‍ അവസരംകിട്ടിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കയുടെ രണ്ടു പ്രധാനവിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ ടീമില്‍ തുടരാനാണ് സാധ്യത. കഴിഞ്ഞമത്സരത്തില്‍ പകരക്കാരനായി എത്തിയ അക്ഷര്‍ പട്ടേലും നന്നായി ബൗള്‍ചെയ്തു. ഇന്ത്യ, രണ്ടാം ഏകദിനത്തിന് ഇറങ്ങിയ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത.

കഴിഞ്ഞമത്സരത്തിലെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി വിമര്‍ശനങ്ങള്‍ക്ക് മറുപടിനല്‍കിക്കഴിഞ്ഞു. 86 പന്തില്‍ 92 റണ്‍സെടുത്ത ധോനിയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. എന്നാല്‍, വിരാട് കോലിയും സുരേഷ് റെയ്‌നയും ഫോമിലല്ലാത്തത് ഇന്ത്യക്ക് ക്ഷീണമാണ്. ഓപ്പണര്‍ ശിഖര്‍ ധവാനും ക്ലിക്കായിട്ടില്ല.

രണ്ടു മത്സരങ്ങളില്‍ കോലിയുടെ സംഭാവന 23 (11, 12) റണ്‍സാണ്. റെയ്‌നയുടേത് (3, 0) 3 റണ്‍സും. ദക്ഷിണാഫ്രിക്കപോലുള്ള കരുത്തര്‍ക്കെതിരെ കളിക്കുമ്പോള്‍ ഒരു ബാറ്റ്‌സ്മാനെങ്കിലും ശരാശരിക്ക് മുകളിലുള്ള പ്രകടനം നടത്തിയാലേ രക്ഷയുള്ളൂ. ആദ്യമത്സരത്തില്‍ രോഹിത് ശര്‍മയും രണ്ടാം മത്സരത്തില്‍ ധോനിയും രക്ഷയ്‌ക്കെത്തി.

ഇരുടീമുകളും ഓരോ മത്സരം ജയിച്ച സാഹചര്യത്തില്‍ പരമ്പര നിര്‍ണയിക്കുന്നതില്‍ മൂന്നാം മത്സരം നിര്‍ണായകമാണ്.