പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 601-ന് എതിരേ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്തായി. ഇതോടെ 

ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ് - വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. 192 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.

India vs South Africa Second Test Cricket
Image Courtesy: ICC

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (64), ത്യൂനിസ് ഡി ബ്രൂയിന്‍ (30), ക്വിന്റണ്‍ ഡിക്കോക്ക് (31) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു. ഷമി രണ്ടു വിക്കറ്റുകള്‍ നേടി.

ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മാര്‍ക്രം (0), ടെംബ ബവുമ (8), ആന്റിച്ച് നോര്‍ഹെ (3) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

India vs South Africa Second Test Cricket
Image Courtesy: ESPNcricinfo

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ക്യാപ്റ്റനായുള്ള കോലിയുടെ 50-ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും കോലിക്ക് പിന്നിലായി. നേരത്തെ, 174 പന്തിലാണ് കോലി തന്റെ 26-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സ് തികയ്ക്കാനും കോലിക്കായി.

India vs South Africa Second Test Cricket
Image Courtesy: BCCI

104 പന്തില്‍ രണ്ടു സിക്സും എട്ടു ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. ടെസ്റ്റില്‍ ഇരുവരും ഒന്നിച്ചുള്ള പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇത്.

ഒന്നാം ദിനം സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പൂജാര 58 റണ്‍സെടുത്തു. രോഹിത് ശര്‍മ 14 റണ്‍സെടുത്ത് പുറത്തായി.

Content Highlights: India South Africa Second Test, Live Score, Cricket Score, Virat Kohli, Mayank Agarwal