ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; അവസരംകാത്ത് പുതുമുഖങ്ങള്‍


സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനത്തിനിടെ | Photo: PTI

ന്യൂഡല്‍ഹി: ഐ.പി.എല്‍. മഹാമഹത്തിനുശേഷം ഇന്ത്യന്‍ ടീം വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര വ്യാഴാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനുമുമ്പ് മറ്റൊരു വെല്ലുവിളി ഇന്ത്യയെ കാത്തിരിക്കുന്നു. ഒട്ടേറെ പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട ടീമില്‍നിന്ന് അന്തിമ ഇലവനെ കണ്ടെത്തുകയെന്ന വെല്ലുവിളി. വ്യാഴാഴ്ച വൈകീട്ട് ഏഴുമുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. കെ.എല്‍. രാഹുലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നെങ്കിലും പരമ്പര ആരംഭിക്കുന്നതിന്റെ തലേ ദിവസം പരിക്കേറ്റതോടെ രാഹുലിന് ഈ പരമ്പര നഷ്ടമാകും. നാഭി ഭാഗത്താണ് രാഹുലിന് പരിക്കേറ്റിരിക്കുന്നത്. പകരം, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് ടീമിനെ നയിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. പരിശീലനത്തിനിടെ പരിക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവും പരമ്പരയില്‍നിന്ന് പിന്മാറി.

നിര്‍ണായകഘട്ടത്തില്‍ പരിക്കേറ്റ് രാഹുല്‍ പുറത്തായതോടെ പുതുമുഖ ടീമാകും വ്യാഴാഴ്ച ഇറങ്ങുക. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത പേസര്‍മാരായ ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ് എന്നിവരും ഇലവനില്‍ ഇടംപ്രതീക്ഷിക്കുന്നു. ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. പരമ്പരയില്‍ അഞ്ചു മത്സരങ്ങളുണ്ട്.

ഒക്ടോബര്‍-നവംബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യവും മുന്നിലുണ്ട്. ബാറ്റിങ്, സ്പിന്‍-പേസ് ബൗളിങ് എന്നീ മൂന്നു വിഭാഗത്തിലും ഇന്ത്യയ്ക്കുമുന്നില്‍ പല സാധ്യതകളുണ്ട്.

പേസ് ബൗളിങ്

പരിമിത ഓവറില്‍ പ്രധാന ബൗളറായ ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്ട്. മറ്റൊരു പേസര്‍ സ്ഥാനത്തേക്ക് ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവര്‍ മത്സരിക്കുന്നു.

2021 ഐ.പി.എലില്‍ കൂടുതല്‍ വിക്കറ്റുകള്‍ക്ക് (32) ഉടമയായ ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി എട്ടു കളിയില്‍ 11 വിക്കറ്റ് നേടി. ഹര്‍ഷലിന് വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായമുണ്ട്.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍പ്പോലും വേണ്ടത്ര മത്സരപരിചയമില്ലാത്ത ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങ്ങും ഇക്കഴിഞ്ഞ ഐ.പി.എലിലെ പ്രകടനത്തോടെയാണ് ടീമിലെത്തിയത്. വേഗമാണ് ഉമ്രാന്റെ ആയുധമെങ്കില്‍ ഡെത്ത് ഓവറിലെ മികവാണ് അര്‍ഷ്ദീപിന്റെ ശക്തി. തുടര്‍ച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ എറിയുന്ന ഉമ്രാന്‍ കഴിഞ്ഞ ഐ.പി.എലിലെ എമേര്‍ജിങ് താരമായിരുന്നു. ഐ.പി.എലിലെ ഡെത്ത് ഓവറില്‍ 7.58 എക്കണോമിയില്‍ പന്തെറിഞ്ഞ അര്‍ഷ്ദീപിന് വിക്കറ്റ് കുറവായിരുന്നെങ്കിലും ഈ ഇക്കോണമി റേറ്റ് അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഐ.പി.എലില്‍ കഴിഞ്ഞ രണ്ടു സീസണിലും തിളക്കമാര്‍ന്ന പ്രകടനം നടത്തിയ ആവേശ് ഖാന്‍ ഏറെക്കാലമായി ടീമിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടു മത്സരത്തില്‍ രണ്ടു വിക്കറ്റ് നേടിയ ആവേശ് ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുകയാണെങ്കില്‍ മൂന്നാമതൊരു പേസറുടെ സേവനം കിട്ടും. അതുകൊണ്ട് മറ്റൊരു സ്പെഷലിസ്റ്റ് പേസര്‍ ഉണ്ടാകാനിടയില്ല.

സ്പിന്‍ വിഭാഗം

ഐ.പി.എല്‍. വിക്കറ്റ് നേട്ടത്തില്‍ ഒന്നാമനായ (27 വിക്കറ്റ്) യുസ്വേന്ദ്ര ചാഹല്‍ ഒന്നാം സ്പിന്നറായി സ്ഥാനം ഉറപ്പിക്കുമ്പോള്‍ രണ്ടാം സ്പിന്നര്‍ സ്ഥാനത്തേക്ക് രവി ബിഷ്ണോയി, അക്ഷര്‍ പട്ടേല്‍ എന്നിവരുണ്ട്. ഇടംകൈയന്‍ സ്പിന്നറും മികച്ച ബാറ്റ്സ്മാനുമായ അക്ഷറിന് നേരിയ മേല്‍ക്കൈ ഉണ്ടെങ്കിലും വിക്കറ്റ് ടേക്കിങ് ബൗളറല്ല എന്ന പരിമിതിയുമുണ്ട്.

ബാറ്റിങ്

രാഹുല്‍ കളിക്കാത്തതോടെ ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷന്‍-ഋതുരാജ് ഗെയ്ക്വാദ് സഖ്യമാകും ഉണ്ടാകുക. വണ്‍ഡൗണ്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നീ പേരുകളുണ്ട്. ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തിക്കിനെ ലോകകപ്പിലെ വലിയ പ്രതീക്ഷയായി കാണുന്നതിനാല്‍ അദ്ദേഹത്തെ കളിപ്പിച്ചേക്കും.

ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ടിക്കറ്റുകളില്‍ 95 ശതമാനം ചൊവ്വാഴ്ച വൈകീട്ടോടെ വിറ്റുതീര്‍ന്നു. ന്യൂ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് കളികാണാം.

Content Highlights: India set to take on South Africa for an enthralling five-match t20 series

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented