Image Courtesy: twitter
ഹാമില്‍ട്ടണ്‍: ഏകദിനത്തില്‍ പുതിയ ഓപ്പണിങ് ജോഡിയെ പരീക്ഷിക്കാന്‍ ടീം ഇന്ത്യ. ടീമിന്റെ സ്ഥിരം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പരിക്കേറ്റതോടെയാണ് ഓപ്പണിങ്ങില്‍ ഇന്ത്യ പുതിയ ജോഡിയെ പരീക്ഷിക്കുന്നത്.
ന്യൂസീലന്‍ഡിനെതിരേ ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യയ്ക്കായി ഓപ്പണിങ് സ്ഥാനത്ത് അരങ്ങേറും.
ചൊവ്വാഴ്ച മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇക്കാര്യം പറഞ്ഞത്. ട്വന്റി 20 പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റുചെയ്ത കെ.എല്‍ രാഹുല്‍ ഏകദിനത്തിലും ഓപ്പണര്‍ സ്ഥാനത്ത് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
കഴിഞ്ഞ ഓസീസ് പരമ്പരയിലേതുപോലെ തന്നെ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നും അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യുമെന്നും കോലി അറിയിച്ചു. രാഹുല്‍ ആ റോളുമായി പൊരുത്തപ്പെടണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.
നാട്ടില്‍ ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയ്ക്കിടെയാണ് ശിഖര്‍ ധവാന്റെ ഇടത് തോളിന് പരിക്കേല്‍ക്കുന്നത്. ഇതോടെ അദ്ദേഹത്തിന് ന്യൂസീലന്‍ഡ് പര്യടനത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. രോഹിത്തിനാകട്ടെ ന്യൂസീലന്‍ഡ് പരമ്പരയിലെ അവസാന ട്വന്റി 20 മത്സരത്തിനിടെ ഇടത് കാലിലെ കാഫ് മസിലിന് പരിക്കേറ്റു. ഇതോടെ രോഹിത്തിന് പകരം മായങ്ക് അഗര്‍വാള്‍ ഏകദിന ടീമില്‍ ഇടംനേടുകയായിരുന്നു.
ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള മായങ്ക് ഇതുവരെ ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
Content Highlights: India set to field two debutant openers Prithvi Shaw and Mayank Agarwal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..