ടോണ്‍ടന്‍: തകര്‍പ്പന്‍ പ്രകടനവുമായി റെക്കോര്‍ഡ് ബുക്കില്‍ പേരുചേര്‍ത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വനിത ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്. 18 പന്തില്‍ നിന്നാണ് സ്മൃതി അര്‍ധസെഞ്ചുറിയിലെത്തിയത്.

ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈനും 18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി അടിച്ചിട്ടുണ്ട്. 2005-ല്‍ ബെംഗളൂരുവില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു ആ റെക്കോഡ് പ്രകടനം.

ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സ്മൃതിയുടെ പ്രകടനം.  അഞ്ചു ഫോറുകളും നാലു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സ്മൃതി.

ടൂര്‍ണമെന്റില്‍ ലോബൊറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനായി ബാറ്റിങ്ങിനിറങ്ങിയ സ്മൃതി 19 പന്തില്‍ നിന്ന് 52 റണ്‍സെടുത്തു. മഴമൂലം ആറു ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ സ്മൃതിയുടെ വെടിക്കെട്ട് മികവില്‍ വെസ്റ്റേണ്‍ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തു.

273.68 സ്‌ട്രൈക്ക്‌റേറ്റിലാണ് സ്മൃതി അടിച്ചു തകര്‍ത്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നിന്ന് സ്മൃതി അര്‍ധസെഞ്ചുറി നേടിയിരുന്നു. 

Content highlights: india's smriti mandhana hits joint fastest fifty in womens t20