മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയായിരുന്ന വസന്ത് റായ്ജി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വാല്‍ക്കേശ്വറിലുള്ള സ്വവസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 100 വയസായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓരോ നാഡീമിടിപ്പുകളേയും സാകൂതം നിരീക്ഷിച്ച് രേഖപ്പെടുത്തിയ അദ്ദേഹം ലോക ക്രിക്കറ്റ് ചരിത്രകാരന്‍മാര്‍ക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു. ദക്ഷിണ മുംബൈയിലെ ബോംബെ ജിംഖാനയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ 13 വയസായിരുന്നു അദ്ദേഹത്തിന് പ്രായം.

വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന റായ്ജി 1941-ല്‍ മുംബൈക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 277 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 68. 1941-ല്‍ വിജയ് മര്‍ച്ചന്റ് നയിച്ച മുംബൈ ടീമിലായിരുന്നു അരങ്ങേറ്റം.

India’s oldest first-class cricketer Vasant Raiji passes away at 100

1939-ല്‍ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ചു. ലാലാ അമര്‍നാഥ്, വിജയ് മര്‍ച്ചന്റ്, സി.കെ നായിഡു, വിജയ് ഹസാരെ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട താരമാണ്.

ജനുവരിയില്‍ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിന്‍ തെണ്ടുല്‍ക്കറും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയും അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വിക്ടര്‍ ട്രംപര്‍,  സി.കെ നായുഡു, എല്‍.പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് പുസ്തകങ്ങളെഴുതിയ അദ്ദേഹം ജോളി ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു.

Content Highlights: India’s oldest first-class cricketer Vasant Raiji passes away at 100