പ്രൊവിഡന്‍സ് (ഗയാന); ടിട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം. ഓപ്പണര്‍ മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എടുത്ത 134 റണ്‍ ഇന്ത്യ ഓരോവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

47 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെ ബലത്തില്‍ നിതാലി രാജ് 56 റണ്ണെടുത്താണ് പുറത്തായത്. മറ്റൊരു ഓപ്പണര്‍ സ്മൃതി മന്ദാന 28 പന്തില്‍ നിന്ന് 26 ഉം പിന്നീടെത്തിയ ജെമിനാ റോഡ്രിഗസ് 21 പന്തില്‍ നിന്ന് 16 ഉം എടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (14), വേദ കൃഷ്ണമൂര്‍ത്തി (8) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് പാകിസ്താന്‍ അടിച്ചെടുത്തത്. ബിസ്മ മറൂഫും നിദാ ദറും നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് പാകിസ്താനെ കുറഞ്ഞ സ്‌കോറില്‍ നിന്നും രക്ഷിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓപ്പണര്‍ ആയിഷ സഫറിനെ പാകിസ്താന് നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ മൂന്ന് റണ്‍സുമായി ഉമൈമ സുഹൈലും പുറത്തായി. 17 റണ്‍സ് സംഭാവന ചെയ്ത ക്യാപ്റ്റന്‍ ജവേരിയ ഖാന് റണ്‍ ഔട്ടാകാനായിരുന്നു വിധി. ഇതോടെ മൂന്ന് വിക്കറ്റിന് 30 റണ്‍സെന്ന നിലയിലായി പാക്സ്താന്‍. പിന്നീടാണ് ബിസ്മയും നിദയും ഒത്തുചേര്‍ന്നത്. 

ഇരുവരേയും പുറത്താക്കി ഹേമലത ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി പാകിസ്താന്‍ കളഞ്ഞു. ഇന്ത്യക്കായി ഹേമലതയും പൂനം യാദവും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ഒരു വിക്കറ്റ് അരുന്ധതി റെഡ്ഡിയുടെ വകയായിരുന്നു. ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനെ 34 റണ്‍സിന് തോല്‍പ്പിച്ചിരുന്നു..

Content Highlights: india's early dominance against pakistan