ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിജയം നേടിയതോടെ ഇന്ത്യ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമത്. നാലാം ടെസ്റ്റില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് ലീഡെടുക്കുകയും ചെയ്തു. 

ഈ വിജയത്തോടെ ഇന്ത്യയ്ക്ക് 26 പോയന്റായി. രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 54.17 ആണ് ഇന്ത്യയുടെ വിജയശതമാനം. 

പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമാണ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇരുടീമുകള്‍ക്കും 12 പോയന്റുകള്‍ വീതമുണ്ട്. ഒരു വിജയവും ഒരു തോല്‍വിയും ഇരുടീമുകളും സ്വന്തമാക്കി. 

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിറകിലായതുമൂലം ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്താനും വിന്‍ഡീസിനും ഇത് 50 ശതമാനമാണ്. 

ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യ പോയന്റ് പട്ടികയില്‍ മറ്റഅ രാജ്യങ്ങളേക്കാളും ഏറെ മുന്നിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ സീസണില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടു. 

Content Highlights: India Reclaim Top Spot in WTC After Oval Test Win vs England