ചെന്നൈ: 2021-ലെ ഐ.പി.എല്‍ സീസണിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോച്ച് രവി ശാസ്ത്രി. 

ടീമിന് രണ്ടാഴ്ചയെങ്കിലും വിശ്രമം അനുവദിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ പര്യടനങ്ങളുടെ ഭാഗമായുള്ള ബയോ ബബിള്‍ നിയന്ത്രണങ്ങളും ക്വാറന്റൈന്‍ കാലഘട്ടവും മാനസിക പിരുമുറുക്കം കൂട്ടുന്നവയാണെന്നും ശാസ്ത്രി വ്യക്തമാക്കി. താരങ്ങളും മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ നേരേ ഐ.പി.എല്ലിലേക്കാണ് പോകുന്നത്. 

ഇതിനു ശേഷം മറ്റ് പരമ്പരകള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വിശ്രമം അനുവദിക്കാനാണ് ശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഐ.പി.എല്ലിനു പിന്നാലെ നാട്ടില്‍ ശ്രീലങ്കയുള്ള പരമ്പരയും പിന്നാലെ യോഗ്യത നേടുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശേഷം ട്വന്റി 20 ലോകകപ്പുമെല്ലാം ഇന്ത്യയെ കാത്തിരിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: India players need a break after IPL 2021 says Ravi Shastri