ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വിനയ് കുമാര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി മൂന്നു ഫോര്‍മാറ്റിലും കളിച്ച വിനയ് കുമാര്‍ ദാവംഗരെ എക്സ്പ്രസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ട്വിറ്ററിലൂടെ വിനയ് കുമാര്‍ തന്നെയാണ് വിരമിക്കുന്ന കാര്യം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 25 വര്‍ഷത്തെ കരിയറിനുശേഷമാണ് വിനയ് വിരമിക്കുന്നത്. 2004-05 സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് താരം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. 2009-10 സീസണില്‍ 46 വിക്കറ്റുകള്‍ വീഴ്ത്തി വിനയ് കുമാര്‍ കര്‍ണാടകയെ ഫൈനല്‍ വരെയെത്തിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 2010-ലാണ് വിനയ് കുമാര്‍ അരങ്ങേറ്റം കുറിച്ചത്. 2013 നവംബറില്‍ അവസാന മത്സരവും കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 31 ഏകദിനങ്ങളില്‍ നിന്നും 38 വിക്കറ്റുകളും 9 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും പത്ത് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ആകെ ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് വിനയ് കുമാറിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഓസ്ട്രേലിയയ്ക്കെതിരേ പെര്‍ത്തിലാണ് വിനയ് കുമാര്‍ ടെസ്റ്റ് കളിച്ചത്. അന്ന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.
Thankyou all for your love and support throughout my career. Today I hang up my boots. 🙏🙏❤️ #ProudIndian pic.twitter.com/ht0THqWTdP
— Vinay Kumar R (@Vinay_Kumar_R) February 26, 2021
139 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 504 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, കൊച്ചിന് ടസ്കേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി വിനയ് കളിച്ചിട്ടുണ്ട്.
Content Highlights: India pacer Vinay Kumar announces retirement from all forms of cricket