Photo: AP
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് കനത്ത തിരിച്ചടി. സിറാജിന് ഒന്നാം റാങ്ക് നഷ്ടമായി. പുതിയ റാങ്കിങ് പ്രകാരം ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ് ഒന്നാമത്.
സിറാജ് മൂന്നാം സ്ഥാനത്തേക്ക് വീണു. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സിറാജിന് ഒന്നാം റാങ്ക് നഷ്ടമായത്.
ഇന്ത്യയ്‌ക്കെതിരേ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് സിറാജിനൊപ്പം മൂന്നാം റാങ്ക് പങ്കിടുന്നുണ്ട്. ഇരുവര്‍ക്കും 702 റേറ്റിങ്ങാണുള്ളത്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ അഞ്ചാമതുണ്ട്. വിരാട് കോലി ഏഴാമതും രോഹിത് ശര്‍മ ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തിലില്ല.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ വന്‍ കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്തെത്തി. നാല് സ്ഥാനം മെച്ചപ്പെടുത്തിയ വില്യംസണ്‍ മാര്‍നസ് ലബൂഷെയ്‌നിന് തൊട്ടുപിന്നാലെയുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടിയ വില്യംസണ്‍ മാരകഫോമിലാണ് കളിക്കുന്നത്. ഇന്ത്യയുടെ ഋഷഭ് പന്ത് ഒന്‍പതാം റാങ്കിലുണ്ട്.
Content Highlights: India pacer Mohammed Siraj loses no. 1 spot in ODI charts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..