സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയെ വീണ്ടും പരിക്ക് വലയ്ക്കുന്നു. 

പരിക്ക് കാരണം പ്രധാന താരങ്ങളുടെ സേവനം നേരത്തെ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക്  നാലാം ടെസ്റ്റില്‍ സ്‌ട്രൈക്ക് ബൗളര്‍ ജസ്പ്രീത് ബുംറയുടെ സേവനവും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിഡ്‌നി ടെസ്റ്റിനിടെ ഉദരഭാഗത്തേറ്റ പരിക്കാണ് ബുംറയ്ക്കും ഇന്ത്യയ്ക്കും വില്ലനായത്. പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സിഡ്‌നി ടെസ്റ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ബുംറയെ സ്‌കാനിങ്ങിന് വിധേയനാക്കിയെന്നും പരിശോധനയില്‍ വയറിന് പരിക്കറ്റതായി മനസിലാക്കാന്‍ സാധിച്ചുവെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫീല്‍ഡിങ്ങിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കണക്കിലെടുത്ത് ബുംറയുടെ പരിക്ക് വഷളാകാതെ നോക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. 

ബുംറയ്ക്ക് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പം ഷാര്‍ദുല്‍ താക്കൂറോ ടി. നടരാജനോ കളിച്ചേക്കും. 

നേരത്തെ സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് തട്ടി ജഡേജയുടെ ഇടതു കൈയിലെ തള്ളവിരലിന് സ്ഥാനചലനം ഉണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബൗള്‍ ചെയ്യാനാകാതിരുന്നത് ടീമിന് തിരിച്ചടിയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ പേശിവലിവ് അലട്ടിയ വിഹാരി ക്രീസില്‍ തുടരുകയായിരുന്നു.

പരിക്ക് കാരണം ഇഷാന്ത് ശര്‍മയുടെ സേവനം ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നാലെ ഒന്നാം ടെസ്റ്റിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയിലിടിച്ച മുഹമ്മദ് ഷമിയും പരിക്കേറ്റ് പുറത്തായി. രണ്ടാം ടെസ്റ്റിനിടെ ഉമേഷ് യാദവും പരിക്കേറ്റ് പുറത്തായി. ഇതിനിടെ ടീമിന്റെ പരിശീലനത്തിനിടെ പരിക്കേറ്റ കെ.എല്‍ രാഹുലും പുറത്തായി.

മൂന്നാം ടെസ്റ്റിനിടെ കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് കൈക്ക് പരിക്കേറ്റ ഋഷഭ് പന്തിന് രണ്ടാം ഇന്നിങ്‌സില്‍ ഫീല്‍ഡില്‍ ഇറങ്ങാനായിരുന്നില്ല. എന്നാല്‍ ബാറ്റിങ്ങില്‍ തിരിച്ചെത്തി.

Content Highlights: India pacer Jasprit Bumrah ruled out of Brisbane Test Report