ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് താരം യാത്ര തിരിച്ചത്.

ഇതോടെ ഓസ്‌ട്രേലിയക്കെിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രോഹിത്തിന് കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്ന് ദുബായ് വഴിയാണ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് പോകുക. അവിടെ ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്ന താരം തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ 13-ാം സീസണിനിടെ പരിക്കേറ്റ രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച സമയത്ത് ബി.സി.സി.ഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഏകദിന - ട്വന്റി 20 ടീമുകളില്‍ നിന്ന് ഒഴിവാക്കി താരത്തെ ടെസ്റ്റ്  ടീമില്‍ മാത്രമായി ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതിനു പിന്നാലെ അച്ഛന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച രോഹിത് ഓസീസ് പര്യടനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ന്നും ആശയക്കുഴപ്പമുണ്ടായി. ഒടുവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട രോഹിത്ത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ശേഷമാണ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. 

ഓസ്‌ട്രേലിയയില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും രോഹിത്തിനെ ഇന്ത്യന്‍ മെഡിക്കല്‍ ടീം ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയനാക്കും.

Content Highlights: India opener Rohit Sharma finally left for Australia to join Team India