സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വില്ലനായി മഴ.  കളി നടക്കുന്ന സതാംപ്റ്റണില്‍ മഴ മാറാത്തതിനാല്‍ ആദ്യ സെഷന്‍ ഉപേക്ഷിച്ചു . ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്തു. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചു ഇന്നു സതാംപ്റ്റണില്‍ ഇന്നു കനത്ത മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതു ഏറെ നേരം നീണ്ടു നിന്നേക്കും.

ഫൈനല്‍ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. റിസര്‍വ് ദിവസം ഉണ്ടെങ്കിലും അഞ്ചു ദിവസവും ഏറെ നേരം മഴയെ തുടര്‍ന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. സമനിലയില്‍ പിരിഞ്ഞാല്‍ ഇരു ടീമുകളെയും വിജയിയായി പ്രഖ്യാപിക്കും.

ഫൈനലില്‍ നേരിയ മുന്‍തൂക്കം ന്യൂസിലൻഡിനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. അതേസമയം മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരും ഉള്‍പ്പെടെ അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. അശ്വിനൊപ്പം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലെവെനില്‍ എത്തിയത് ഇന്ത്യയുടെ ബാറ്റിങ് ആഴം വര്‍ധിപ്പിക്കുന്നു. ഇന്‍ട്രാസ്‌ക്വാഡ് മത്സരങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് മുതല്‍ക്കൂട്ടായുണ്ട്.

Content Highlights: World Test Championship Cricket